കൊല്ലത്ത് വയോധികനെ പോലിസുകാരന്‍ മര്‍ദ്ദിച്ച സംഭവം: റിപോര്‍ട്ട് തേടി റേഞ്ച് ഡിഐജി; അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മര്‍ദ്ദനമേറ്റത്.

Update: 2020-10-07 14:56 GMT

തിരുവനന്തപുരം: കൊല്ലത്ത് വയോധികനെ പോലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.

ചടയമംഗലം പോലിസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് പോലിസ് അടിച്ചത്. എസ്‌ഐ ഷജീമും മറ്റൊരു പോലിസുകാരനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയില്‍ പിഴയടക്കാമെന്നും ബൈക്കില്‍ സഞ്ചരിച്ചവര്‍ പറഞ്ഞിരുന്നു.

എന്നാല്‍, കൊവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പോലിസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈല്‍ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിര്‍ത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പോലിസുകാര്‍ ജീപ്പില്‍ കയറ്റി. എന്നാല്‍, വാഹനത്തില്‍ കയറാന്‍ വയോധികന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് രാമാനന്ദനെ പോലിസുകാരന്‍ മുഖത്തടിച്ചത്.

Tags: