പുനരധിവാസവും നഷ്ടപരിഹാരവും നല്‍കാതെ ഡല്‍ഹിയിലെ ചേരിനിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് എളമരം കരീം എംപി രാജ്യസഭയില്‍

Update: 2020-09-16 07:34 GMT

ന്യൂഡല്‍ഹി: ദില്ലിയിലെ ചേരി കുടിയൊഴിപ്പിക്കല്‍ വിഷയം രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശമായി എളമരം കരീം എംപി ഉന്നയിച്ചു. ഡല്‍ഹിയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള റെയില്‍വേ ഭൂമിയിലെ ചേരികളില്‍ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയില്‍ നല്‍കിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകള്‍; അതായത്, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം. പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത്, ഇത് ഒരു ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കും. കഴിഞ്ഞ വര്‍ഷം ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കുടിയൊഴിക്കല്‍ ആവശ്യമായി വന്നാല്‍ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട സര്‍ക്കാരും വകുപ്പുകളും ബാധ്യസ്ഥരാണ്. എന്നാല്‍ സുപ്രിംകോടതിയില്‍ ചേരി നിവാസികള്‍ കക്ഷിയല്ലാത്തിരുന്നതിനാല്‍ ഹൈക്കോടതി വിധി സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ വന്നിരിക്കാന്‍ സാധ്യതയില്ല. ലോക്ഡൗണിന്റെ ഫലമായി ജീവിതം തന്നെ വഴിമുട്ടിയ ഈ പാവപ്പെട്ട ചേരിനിവാസികളെ മുഴുവന്‍ പുനരധിവസിപ്പിക്കേണ്ടതും മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. അതിനാല്‍ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ കൂടാതെ കുടിയൊഴിപ്പിക്കല്‍ നടക്കാതിരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.