തെറ്റിദ്ധാരണയില്‍ 80കാരിയെ പ്രതിയാക്കി; പാലക്കാട്ട് പോലിസിന് മനുഷ്യാവകാശ കമ്മീഷന്റെ നടപടി നിര്‍ദേശം
പാലക്കാട്: യഥാര്‍ത്ഥ പ്രതി മുങ്ങിയ കേസില്‍, ജാമ്യത്തിലിറങ്ങിയ പ്രതി എന്ന് തെറ്റിദ്ധരിച്ച് 80കാരിയെ പിടികൂടി കോടതി കയറ്റിയ സംഭവത്തില്‍ പോലിസുകാരെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
1998 ഓഗസ്റ്റ് 16നായിരുന്നു ഇതിന്റെയെല്ലാം തുടക്കം. വീട്ടുജോലിയില്‍ നിന്ന് പിരിച്ചുവിട്ട ശേഷം അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ ഭാരതി എന്ന സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതി മുങ്ങുകയായിരുന്നു.
എന്നാല്‍, 2019 സെപ്റ്റംബര്‍ 24നു, പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് സ്റ്റേഷനിലെ സിപിഒയും സംഘവും, ആലത്തൂര്‍ വടക്കേത്തറ സ്വദേശിനി എം ഭാരതിയെ (പാര്‍വതി 80) യഥാര്‍ത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് പിടികൂടാന്‍ ശ്രമിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി ജാമ്യം നല്‍കി.
അതിനുശേഷം, ഇവരുടെ ബന്ധു രാജഗോപാല്‍ പരാതിയില്‍ നിന്ന് പിന്‍വാങ്ങുകയും കോടതി ഭാരതിയെ വെറുതെ വിടുകയും ചെയ്തു. നാലുവര്‍ഷത്തിനിടെ എട്ടു തവണയാണ് 80കാരി കോടതി കയറിയിറങ്ങേണ്ടി വന്നത്. യഥാര്‍ത്ഥ പ്രതിയുടെ വിലാസം പോലിസ് ശരിയായി പരിശോധിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് ജില്ലാ പോലിസ് മേധാവി കമ്മീഷനോട് അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നും, രണ്ടുപേര്‍ വിരമിച്ചതിനാല്‍ അച്ചടക്കനടപടികള്‍ക്കായി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞുവെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
