ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് എട്ട് മരണം, 43 പേര്‍ക്ക് പരിക്ക്

അമിത വേഗതയിലെത്തിയ കണ്ടെയ്‌നര്‍ ട്രക്കിലേക്കിടിച്ചാണ് അപകടം

Update: 2025-08-25 05:18 GMT

ലഖ്‌നൗ: യുപിയില്‍ ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച് അപകടം. എട്ട് പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബുലന്ദ്ഷഹര്‍-അലിഗഢ് അതിര്‍ത്തിയില്‍ അര്‍ണിയ ബൈപ്പാസിന് സമീപമാണ് അപകടം.

അമിത വേഗതയിലെത്തിയ കണ്ടെയ്‌നര്‍ ട്രക്കിലേക്കിടിച്ചാണ് അപകടമുണ്ടായതെന്നും, ട്രക്ക് കസ്റ്റഡിയിലെടുത്തെന്നും ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ എസ്എസ്പി ദിനേശ് കുമാര്‍ സിങ് പറഞ്ഞു. 60 ഓളം തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ട്രാക്ടറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളേജ്, കൈലാഷ് ആശുപത്രി, ബുലന്ദ്ഷഹര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരമാണ്.

കാസ്ഗഞ്ച് ജില്ലക്കാരായ ട്രാക്ടര്‍ ഡ്രൈവര്‍മാരായ റാംബേട്ടി (65), ഇ.യു ബാബു (40), ഗാനിറാം (40), മോക്ഷി (40), യോഗേഷ് (50), ചാന്ദ്നി (12), വിനോദ് (45), ശിവാന്‍ഷ് (6) എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.

Tags: