പരിസ്ഥിതി ആഘാത നിര്‍ണയം 2020: പുഴകളുടെ മരണമണിയെന്ന് റി എക്കൗ തിരുനാവായ

Update: 2020-08-17 12:57 GMT

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിസ്ഥിതി ആഘാത നിര്‍ണയം, 2020 നടപ്പായാല്‍ മലപ്പുറം ജില്ലയിലെ നദികളും നദീതടസംസ്‌കാരവും ഇല്ലാതാവുമെന്ന് പരിസ്ഥിതി സംഘടനയായ റി എക്കൗ തിരുനാവായ.

മലപ്പുറം കാടും കുന്നും പുഴയും കടലും അടങ്ങിയ ജില്ലയാണ്. സൈലന്റവാലിയെ തൊട്ടുരുമ്മി നില്‍ക്കുന്ന പഞ്ചായാത്തുകള്‍ ധാരാളമുണ്ട്. അതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പഞ്ചായത്തുകള്‍ നടപ്പാക്കിയിട്ടുണ്ട്. സുനാമി വന്നപ്പോള്‍ തീരദേശ പഞ്ചായത്തുകള്‍ കോടികള്‍ ചിലവഴിച്ചു. ഇതിന്റെ ശിലാഫലകങ്ങള്‍ ഈ പഞ്ചായത്തുകളില്‍ കാണാം. ധാരാളം കുടിവെള്ള പദ്ധതികള്‍ ജില്ലയിലുണ്ട്.  അയല്‍ ജില്ലകളിലേക്ക് വെള്ളം കൊണ്ടുപോകുന്നുമുണ്ട്. എന്നാല്‍ ഈ നിയമം നിലവില്‍ വരുന്നതോടെ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാണുന്ന വിള്ളല്‍ നിറഞ്ഞ കൃഷിയിടവും ഉണങ്ങി വരണ്ട കിണറുകളും ഇവിടെയും രൂപപ്പെടുമെന്ന് റി എക്കൗ തിരുനാവായ കോഡിനേറ്റര്‍ ചിറക്കല്‍ ഉമ്മര്‍ പറഞ്ഞു.

കൊക്കക്കോള വന്നപ്പോള്‍ നാം സന്തോഷിച്ചു. മൈലമ്മയുടെ സമരപന്തല്‍ വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു അത് പൂട്ടാന്‍. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് മില്ല് വന്നു. റഹ്‌മാനെ പോലുള്ളവര്‍ സമരരംഗത്തിറങ്ങിയതോടെയാണ് അത് പൂട്ടിയത്. എന്നാല്‍ ഈ നിയമം വന്നാല്‍ സമരത്തിന് 100 കിലോമീറ്റര്‍ ചുറ്റണം. കോടതിയില്‍ പോയാല്‍ കൊല്ലങ്ങള്‍ കറങ്ങണം. ഒരു മരം പോലും ഇല്ലാത്ത ഇടത്തുനിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ അവസാനിക്കുന്ന തിരൂര്‍ പുഴ എന്ന അപൂര്‍വ്വ പ്രതിഭാസം സ്വന്തമായിട്ടുള്ള ഒരു ജില്ലയാണ് മലപ്പുറം. ഈ നിയമം വരുന്നതോടെ നമ്മുടെ പ്രകൃതിസമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊണ്ടുപോവുകയും ആവാസവ്യവസ്ഥകള്‍ തകര്‍ക്കപ്പെടുകയും ചെയ്യും. 2006 ലെ വിജ്ഞാപനത്തില്‍ പാരിസ്ഥിതികാനുമതി വേണ്ടിയിരുന്ന പലതും പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്ക് ചെറിയ പിഴയൊടുക്കി രക്ഷപ്പെടാനുള്ള അവസരം ഈ പുതിയ നിയമം നല്‍കുന്നു. പ്രകൃതി പൂര്‍വ്വികര്‍ നമുക്ക് ഏല്‍പ്പിച്ചതാണ്. അത് നാളെ നമ്മുടെ മക്കള്‍ക്ക് കൈമാറാനുള്ളതാണ്. അവര്‍ക്കത് അവരുടെ മക്കള്‍ക്ക് കൈമാറണം. ഈ സാഹചര്യത്തില്‍ ഈ നിയമം പുനപ്പരിശോധിക്കണമെന്ന് റി എക്കൗ തിരുന്നാവായ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 

Tags: