'മുട്ടയും മാംസവും രോഗമുണ്ടാക്കും': ഉച്ചഭക്ഷണ പദ്ധതിയില്‍നിന്ന് സസ്യേതരഭക്ഷണത്തെ ഒഴിവാക്കണമെന്ന് കര്‍ണാടക വിദ്യാഭ്യാസ കമ്മിറ്റി
ബെംഗളൂരു: കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയില്‍ പ്രത്യയശാസ്ത്രം കലര്‍ത്തുന്ന നിര്‍ദേശവുമായി കര്‍ണാടക വിദ്യാഭ്യാസ കമ്മിറ്റി. 80 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും സസ്യേതര ഭക്ഷണം കഴിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളില്‍ മുട്ടയും മാംസവും ഒഴിവാക്കാനാണ് നിര്‍ദേശം. മുട്ടയും മാംസവും രോഗകാരണമാവുമെന്നാണ് പാനല്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ വിദ്യാഭ്യാസ സമിതിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ കമ്മിറ്റിയുടെതാണ് ശുപാര്‍ശ.
ഇതേ കമ്മിറ്റി ഇത്തരം 25ഓളം ശുപാര്‍ശകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. പൈതഗോറസ് സിദ്ധാന്തം വ്യാജമാണെന്നാണ് അതിലൊന്ന്. ഒരു ഓണ്‍ലൈന്‍ ചര്‍ച്ചാ ഫോറത്തില്‍ നടന്ന സംവാദമാണ് ഈ ശുപാര്‍ശക്കു കാരണമായി ടാസ്‌ക് ഫോഴ്‌സ് മേധാവി പിന്നീട് ചൂണ്ടിക്കാട്ടിയത്.
മുട്ടയും മാംസവും ഒഴിവാക്കാനുള്ള നിര്‍ദേശം വിവാദമാക്കേണ്ടെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്.
'ഇത്തരം പാനലുകളെ ശുപാര്‍ശകള്‍ നല്‍കാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍, അവ ഉണ്ടായിട്ട് എന്ത് കാര്യം? നമുക്ക് ചര്‍ച്ച ചെയ്യാം, ജനങ്ങള്‍ക്ക് എന്താണ് നല്ലത് എന്ന് തീരുമാനിക്കാം. സര്‍ക്കാര്‍ എന്നും ജനപക്ഷമാണ്. അത് ചെയ്യും. ശരിയായ കാര്യം,' -കാബിനറ്റ് മന്ത്രി സി എന്‍ അശ്വത് നാരായണ്‍ പറഞ്ഞു.
നിംഹാന്‍സിലെ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്യാട്രി വിഭാഗം മേധാവി ജോണ്‍ വിജയ് സാഗറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയാണ് 'ആരോഗ്യവും ക്ഷേമവും' എന്ന പേരിലുള്ള പേപ്പര്‍ സമര്‍പ്പിച്ചത്.
'ഇന്ത്യക്കാരുടെ ചെറിയ ശരീരഘടന കണക്കിലെടുക്കുമ്പോള്‍, മുട്ടയും മാംസവും പതിവായി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിലൂടെ ലഭിക്കുന്ന അധിക ഊര്‍ജം ജീവിതശൈലി ക്രമക്കേടുകളിലേക്ക് നയിക്കുന്നു... മാംസ ഭക്ഷണങ്ങള്‍ മനുഷ്യരുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു.'- പേപ്പര്‍ അവകാശപ്പെടുന്നു.
പാവപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നത് ഇല്ലാതാക്കുന്നതാണ് നിര്‍ദേശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിസ്വാന്‍ അര്‍ഷാദ് പാനല്‍ നിര്‍ദ്ദേശത്തെ കുറ്റപ്പെടുത്തി. നിര്‍ദേശത്തിലൂടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

