മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; സൈന്യം 200 മീറ്റര്‍ അടുത്തെത്തി

Update: 2022-02-09 01:12 GMT

പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനെത്തിയ കരസേനാ സംഘം 200 മീറ്റര്‍ അടുത്തെത്തി. തമിഴ്‌നാട് വെല്ലിങ്ടണില്‍നിന്നുള്ള 11 അംഗ കരസേനാ സംഘമാണ് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ അടുത്തെത്തിയത്. 

രാത്രി വൈകി സ്ഥലത്തെത്തിയ ഇവര്‍ വന്ന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബാബു മലയിടുക്കില്‍ കുടുങ്ങിയിട്ട് ഏകദേശം നാല്‍പതോളം മണിക്കൂറായിട്ടുണ്ട്.

ബാബുവിനെ രക്ഷിക്കാന്‍ ബെംഗളൂരുവില്‍നിന്നും വ്യോമസേനയുടെ മറ്റൊരു സംഘവും എത്തിയിട്ടുണ്ട്. ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ തലവന്‍ ബാബുവിനോട് സംസാരിച്ചിരുന്നു. 

മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) ആണ് മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുവരെ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിനു സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങിപ്പോയിരുന്നു. ചെങ്കുത്തായ കുമ്പാച്ചി മലയിലാണ് ബാബു കുടുങ്ങിയത്. 

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റുമൂലം യുവാവിന്റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയതും കാല്‍വഴുതി താഴേക്ക് വീണു മലയിടുക്കില്‍ കുടുങ്ങിയതും.

തിങ്കളാഴ്ച രാത്രിയോടെ പോലിസും ദുരന്തനിവാരണ സേനയും ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോവാന്‍ സാധിച്ചില്ല. അതോടെ രാത്രി മലമുകളില്‍തന്നെ സംഘം ക്യാംപ് ചെയ്യുകയാണ്. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കുന്നത്. വടമുപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്കു ചെന്നെത്താനായിരുന്നു ആദ്യശ്രമം. എന്നാല്‍, ചെങ്കുത്തായ മലയായതിനാല്‍ വടം കെട്ടാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. നേവിയുടെ സഹായത്തോടെ ഹെലികോപ്റ്റര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനായി അടുത്ത നീക്കം. ജില്ലാ കലക്ടര്‍ ഇടപെട്ട് ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു.

ഉച്ചയോടെ ഹെലികോപ്റ്ററെത്തി. എന്നാല്‍, മലമുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഹെലികോപ്റ്റര്‍ മടങ്ങി. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ മല ഇറങ്ങിയശേഷം പോലിസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഹെലികോപ്റ്ററിലെ രക്ഷാപ്രവര്‍ത്തകര്‍ക്കു ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.