തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ സതീശന്‍ നടത്തിയത് ഒരു പൊതുപ്രവര്‍ത്തകന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത തരംതാണ പ്രസംഗമാണെന്നും സമുദായ നേതാക്കളെയും പിതാവിന്റെ പ്രായമുള്ളവരെയും ധിക്കാരത്തോടെയും നിഷേധത്തോടെയും നേരിടുന്ന സതീശനെ കേരളം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സംഘപരിവാര്‍ ആണെന്ന സതീശന്റെ ആരോപണത്തിന് മറുപടിയായി, ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നട്ടെല്ല് വളച്ചത് താനല്ലെന്നും അത് വി ഡി സതീശന്‍ ആണെന്നും മന്ത്രി പരിഹസിച്ചു. സതീശനെ 'വിനായക് ദാമോദര്‍ സതീശന്‍' എന്നും 'സംഘിക്കുട്ടി' എന്നും അദ്ദേഹം വിശേഷിപ്പിച്ചു,. ''ഞാന്‍ ആര്‍എസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോള്‍ സതീശന്‍ വള്ളി നിക്കറിട്ട് നടക്കുകയാണ്'' എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയത്. നിയമസഭയിലായിരുന്നു സതീശന്റെ വിമര്‍ശനം.വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്തരത്തിലൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ലെന്നും നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാന്‍ വരുന്നതെന്നും സതീശന്‍ പറഞ്ഞു. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി പണ്ട് പറഞ്ഞിട്ടുണ്ടെന്നും വിവരമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.എക്സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
