ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും: കെ പി എ മജീദ്

Update: 2023-01-09 09:49 GMT

മലപ്പുറം: കേരള സ്‌കൂള്‍ കലോല്‍സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണ്. വര്‍ഷങ്ങളായി സ്‌കൂള്‍ കലോല്‍സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദമുണ്ടായിട്ടില്ല.

എന്നാല്‍, പുതിയ വിവാദം ആസൂത്രിതമാണ്. കലോല്‍സവത്തില്‍ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് ഇടത് കേന്ദ്രങ്ങളില്‍നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെജിറ്റേറിയന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും കഴിക്കാവുന്നതാണ്. അതേസമയം, നോണ്‍ വെജിറ്റേറിയന്‍ താല്‍പ്പര്യമില്ലാത്തവരുണ്ടാവും. ഇക്കാര്യം കണക്കിലെടുത്താണ് കലോല്‍സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ഇത് അപ്രായോഗികവുമാണ്.

ഒരേ പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ടുതരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകള്‍ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകളുണ്ടാവുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭക്ഷണത്തില്‍ വിഭാഗീയത വേണ്ടെന്നും കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News