ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Update: 2022-11-15 02:42 GMT

തിരുവനന്തപുരം: കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്കുന്നതിനെതിരെയുമാണ് കെഎസ്‌യു ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചിരുന്നു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാതെ റോഡില്‍ കുത്തിയിരുന്നതോടെ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയില്‍, വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, ഗവര്‍ണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പോലിസുമായുള്ള സംഘര്‍ഷം തുടങ്ങിയത്.

Tags: