ഇടമണ്‍- കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

സംസ്ഥാനത്തിനു പുറത്തുനിന്നും കേരളത്തിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍ കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സാധിക്കും.

Update: 2019-01-05 15:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. വൈദ്യുതി ലൈനിന്റെ 80 ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ 447 ടവറുകളില്‍ 413 എണ്ണവും പൂര്‍ത്തിയായി.

വൈദ്യുതി ലൈന്‍ വലിക്കല്‍ ജോലിയാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. 91.12 കിലോമീറ്റര്‍ നീളത്തില്‍ ലൈന്‍ വലിച്ചുകഴിഞ്ഞു. ആകെ 143.3 കിലോ മീറ്റര്‍ നീളത്തിലാണ് ലൈന്‍ വലിക്കേണ്ടത്. ഈ ജോലിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ നിര്‍മാണം എല്‍ഡിഎഫ് സര്‍ക്കാരാണ് പുനരാരംഭിച്ചത്.

സ്ഥലം ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതി പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കി. സംസ്ഥാനത്തിനു പുറത്തുനിന്നും കേരളത്തിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍ കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സാധിക്കും. 800 മൊഗാവാട്ടോളം അധികം വൈദ്യുതി കേരളത്തിലെത്തും. പ്രസരണനഷ്ടം കുറക്കാനും ഈ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Tags: