കെഎഫ്‌സി വായ്പ തട്ടിപ്പ് കേസ്; പി വി അന്‍വറിനെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി
എറണാകുളം: കെഎഫ്സി വായ്പ തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്യ്ത് വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായ അന്‍വറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യ്തത്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തല്‍, അനധികൃത സ്വത്ത് വര്‍ധനവ് തുടങ്ങിയ കേസുകളാണ് അന്‍വറിനെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ, അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്‍വര്‍ ഒരേ ഭൂമിയില്‍ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി. കെഎഫ്‌സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി പരിശോധന.
കെഎഫ്‌സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെഎഫ്‌സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്റുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ചു വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. കളളപ്പണ ഇടപാടില്‍ അന്‍വറിനെതിരേ ചില തെളിവുകള്‍ മുരുഗേഷ് നരേന്ദ്രന്‍ ഇഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഡിസംബര്‍ 31ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. അന്‍വറിന്റെ ആസ്തിയിലുണ്ടായ അസ്വാഭാവികമായ വര്‍ധനവാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. അന്‍വറിന്റെ വീട്ടിലുള്‍പ്പടെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ചോദ്യം ചെയ്യ്തത്. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു.

