ശിവസേന എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

Update: 2020-11-24 12:06 GMT

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വീട്ടില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. മുംബൈയിലെ 10 ഇടങ്ങളിലാണ് റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറ്റേ് പറഞ്ഞു. റെയ്ഡില്‍ എം.എല്‍.എയുടെ മകന്‍ വിഹാങ് സര്‍നായിക്കിനെ തടഞ്ഞുവെച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷത്തെ നിശബ്ദമാക്കാനായി കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ശിവസേനാ വക്താവ് പ്രിയങ്കാ ചതുര്‍വേദി ആരോപിച്ചു.

വീട്ടിലും അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിലെ ഒവാല മജിവാഡയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് സര്‍നായിക്. മുംബൈയെ കശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിവാദ പരാമര്‍ശം നടത്തിയ കങ്കണയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതാപ് സര്‍നായിക്. പിന്നീട്, കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതാപിനെ അറസ്റ്റ് ചെയ്യണം എന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യമുന്നയിച്ചിരുന്നു.




Similar News