ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണി; വയോധികനില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു
കണ്ണൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് വയോധികനില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയില്‍ തട്ടിപ്പുസംഘത്തിനെതിരേ കണ്ണൂര്‍ സൈബര്‍ ക്രൈം പോലിസ് കേസെടുത്തു. സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ തളാപ്പ് സ്വദേശി യുഡി കമലേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2025 ഡിസംബര്‍ 10നാണ് തട്ടിപ്പ് നടന്നത്. വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ ഇഡി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി സമീപിച്ച പ്രതികള്‍, നരേഷ് ഗോയല്‍ മണി ലോണ്ടറിങ് കേസുമായി ബന്ധപ്പെട്ട് പരാതിക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് സംശയാസ്പദമാണെന്നും ഡിസംബര്‍ 10 മുതല്‍ 11 വരെ ഡിജിറ്റല്‍ അറസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്ന വ്യാജേന പരാതിക്കാരന്റെ സ്ഥിരനിക്ഷേപത്തുകയായ 15 ലക്ഷം രൂപ പ്രതികള്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് കൈമാറാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് തുക തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ സൈബര്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.