കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

Update: 2025-05-22 10:47 GMT

കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ്അറസ്റ്റിലായ ഏജന്റ് വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയര്‍ എന്നീ മൂന്നു പേര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് ജാമ്യം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തളളുകയായിരുന്നു.


ഇഡി സമന്‍സ് നല്‍കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ ഡയറിയിലുണ്ടെന്നും കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം ഇനിയും ശേഖരിക്കാനുണ്ടെന്നു വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. അതേസമയം, കേസിലെ ഒന്നാംപ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ മതിയായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

ഇഡി ഓഫിസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് വമ്പന്‍ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Tags: