പ്രബീര്‍ പുര്‍കായസ്ത
ന്യൂഡല്‍ഹി: ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയ്ക്കും 184 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശ നാണയ വിനിമയ ചട്ടം(ഫെമ)ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ചൈനീസ് മാധ്യമസ്ഥാപനവുമായി ബന്ധമുള്ള അമേരിക്കന്‍ പൗരനില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍ പണം സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ചട്ടലംഘനം കണ്ടെത്തിയെന്ന് ആരോപിച്ച് പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 120 കോടി രൂപയും പ്രബീര്‍ പുര്‍കായസ്തയ്ക്ക് 64 കോടി രൂപയുമാണ് ഇഡി പിഴയായി വിധിച്ചിരിക്കുന്നത്. ഫെമ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരമാണ് നടപടി.
ഏകദേശം 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ന്യൂസ്‌ക്ലിക്കിന് ലഭ്യമായിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. ഫെമയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഈ നിക്ഷേപം നടന്നിരിക്കുന്നതെന്നും ഇഡി പറയുന്നു. രേഖകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് തങ്ങള്‍ ഈ കണ്ടെത്തലില്‍ എത്തിയതെന്നും ഇഡി അവകാശപ്പെടുന്നു. അതേസമയം ഇഡിയുടെ ആരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് തള്ളി. സ്ഥാപനം ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ന്യൂസ്‌ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കൂടാതെ, 2018-19 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളില്‍ റിപോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചതായും 'സോഫ്‌ടെക്‌സ്' ഫോമുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതായും ഇഡി പറയുന്നു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം തുടങ്ങിയ കുറ്റാരോപണങ്ങളാണ് ന്യൂസ് ക്ലിക്കിനെതിരേ ചുമത്തിയിരുന്നത്. ഇഡിക്ക് പുറമെ സിബിഐ, ഡല്‍ഹി പോലിസ്, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളും ന്യൂസ്‌ക്ലിക്കിനെതിരേ അന്വേഷണം നടത്തുന്നുണ്ട്.
2021ല്‍ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡാണ് ഇഡി നടത്തിയത്. 2023ല്‍ യുഎപിഎ ചുമത്തി പ്രബീര്‍ പുര്‍കായസ്തയേയും എച്ച്ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയേയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി 2024ല്‍ ഇരുവരേയും മോചിപ്പിച്ചിരുന്നു. ചൈനയുടെ പ്രൊപഗണ്ട പ്രചരിപ്പിക്കുവാന്‍ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുര്‍കായസ്തയേയും അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തത്.
ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എഫ്‌ഐആര്‍. 2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്തതോടൊപ്പം ന്യൂസ്‌ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ 2023 ഒക്ടോബറില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പ്രബീര്‍ പുരകായസ്ത നിലവില്‍ ജാമ്യത്തിലാണ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഗാമിനും ഇഡി സമന്‍സ് അയച്ചിരുന്നു.

