നാഷണല്‍ ഹെറാള്‍ഡ് ഓഫിസുകളില്‍ ഇ ഡി പരിശോധന

Update: 2022-08-02 07:01 GMT

ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 12ഓളം ഓഫിസുകളില്‍ ഇ ഡി പരിശോധന. കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് നാഷണല്‍ ഹെരാള്‍ഡ് പത്രം.

ഇതേ കേസില്‍ സോണിയാഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 200ഓളം ചോദ്യങ്ങള്‍ക്ക് സോണിയ മറുപടി നല്‍കി. രാഹുലിനെയും ഇതേ കേസില്‍ ദിവസങ്ങളോളം ചോദ്യംചെയ്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

Tags:    

Similar News