ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണം: മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനക്കെതിരേ ആരോപണമുയരുന്നത് ആദ്യമല്ലെന്ന് റിപോര്‍ട്ട്
കൊളംബോ: 2019ല്‍ ലോകത്തെ നടുക്കിയ ഈസ്റ്റര്‍ ആക്രമണത്തില്‍ കോടതി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇതേ കേസില്‍ ആരോപണവിധേയനാവുന്നത് ആദ്യമല്ലെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍. ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്കുപിന്നില്‍ തിരഞ്ഞെടുപ്പ്-രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് സംഭവത്തില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ച ഫാ. സിറില്‍ ഗാമിനി ഫെര്‍ണാണ്ടോ നേരത്തെത്തന്നെ ആരോപിച്ചിരുന്നു. ഈസ്റ്റര്‍ ദിവനത്തിലെ ആക്രണങ്ങളില്‍ ഇരയായവരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ കാത്തലിക് കമ്മിറ്റിയില്‍ അംഗമാണ് ഫാ. സിറില്‍ ഗാമിനി.
കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നും അതുസംബന്ധിച്ച് യുഎന്‍ അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.
2019ല്‍ ഈസ്റ്റര്‍ സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയും ഏകദേശം ഇതേ അഭിപ്രായം മുന്നോട്ടുവച്ചു.
ശ്രീലങ്കന്‍ ഇന്റലിജന്‍സില്‍നിന്ന് വിവരം ലഭിച്ചിട്ടും സംഭവം തടയുന്നതില്‍ സിരിസേന പാജയപ്പെട്ടെന്നും ഇന്റലിജന്‍സ് മേധാവികളെ പ്രോസിക്യൂട്ട് ചെയ്യാനും കമ്മിറ്റി നിര്‍ദേശിച്ചു.
2019 ഏപ്രില്‍ 21നാണ് ശ്രീലങ്കയിലെ കത്തോലിക്കാ പള്ളിയില്‍ സ്‌ഫോടനം നടന്നത്. അതില്‍ 274 പേര്‍ കൊല്ലപ്പെട്ടു. 542 പേര്‍ക്ക് പരിക്കുപറ്റി. മരിച്ചവരില്‍ 11 പേര്‍ ഇന്ത്യക്കാരാണ്.
അക്രമസംഭവങ്ങളില്‍ 200 പേര്‍ അറസ്റ്റിലായി.
