കൊവിഡ് പ്രതിരോധത്തിലെ ഈസ്റ്റ് എളേരി മാജിക്ക്; പോസിറ്റിവിറ്റി നിരക്ക് 5.5 ശതമാനം മാത്രം

Update: 2021-07-22 03:42 GMT

കാസര്‍കോഡ്: ജില്ലയില്‍ ഏറ്റവും കുറവ് ടി.പി.ആര്‍. രേഖപ്പെടുത്തിയ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥനത്ത് ഈസ്റ്റ് എളേരി പഞ്ചായത്ത്. ഒരാഴ്ചത്തെ ടിപിആര്‍ പ്രകാരം ബി കാറ്റഗറിയിലാണെങ്കിലും പഞ്ചായത്ത് ടി.പി.ആര്‍ 5.05 ലെത്തിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ 40 വയസിന് മുകളിലുള്ള ഭൂരിഭാഗം ആളുകളും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. വാര്‍ഡ് തലത്തിലും കോളനികള്‍ കേന്ദ്രീകരിച്ചും ആന്റിജന്‍/ആര്‍ടിപിസിആര്‍ പരിശോധന നടത്തി വരികയാണ്. ആവശ്യമെങ്കില്‍ പോസിറ്റീവായവരെ നല്ലോംപുഴയിലെ ഡൊമിസിലറി കെയര്‍ സന്ററുകളിലേക്ക് മാറ്റും. പഞ്ചായത്തിന്റെയും മാഷ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. 

ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തംഗങ്ങളും ജനങ്ങളുമടങ്ങുന്ന സംയുക്ത പ്രതിരോധമാണ് ഈസ്റ്റ് എളേരിയിയില്‍ നടപ്പാക്കുന്നത്. വാര്‍ഡ് തല ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങളും മൈക്രോ ക്ലസ്റ്റര്‍ സംവിധാനവും ഫലപ്രദമായി മുന്നോട്ട് പോകുന്നു. ഇതോടൊപ്പം ആയുര്‍വ്വേദത്തിന്റെ പരിചരണവും പഞ്ചായത്ത് രോഗികള്‍ക്ക് ഉറപ്പ് വരുത്തുന്നു. കോവിഡിനോട് അനുബന്ധിച്ച് രോഗികള്‍ക്ക് അവരുടെ പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കാന്‍ ആരംഭിച്ച സ്വാസ്ഥ്യം, സുഖായുഷ്യം പോലുള്ള ആയുര്‍വ്വേദ പദ്ധതികളിലെ മരുന്നുകള്‍ ആശാവര്‍ക്കര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവരിലൂടെ രോഗികളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നുണ്ട്.

രോഗവ്യപനം കുടിയ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് പൂര്‍ണ്ണമായും അടച്ചിടല്‍ പ്രഖ്യാപിച്ച പഞ്ചായത്താണ് ഈസ്്റ്റ് എളേരി. തുടര്‍ന്ന് ലോക്ഡൗണിന് ശേഷം കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പഞ്ചായത്ത് ഭരണസമിതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും കാറ്റഗറി നോക്കാതെ തുറക്കാന്‍ അനുമതി നല്‍കി. അതിനായി സ്ഥാപന ഉടമകളെയും ജീവനക്കാരെയും കൂടാതെ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാരെയും കൃത്യമായ ഇടവേളകളില്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി.

എല്ലാ ദിനവും കടകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുസ്ഥങ്ങളിലെത്തുന്ന ആളുകളെ നിയന്ത്രിക്കാനും അവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തംമാക്കല്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. ഇതുവഴി ഇവരിലൂടെയുള്ള സമ്പര്‍ക്കവ്യാപനം കുറച്ചു.

കൂടാതെ രോഗികള്‍ക്ക് സഹായമായി 24 മണിക്കൂറും സൗജന്യമായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തോളമായി ആംബുലന്‍സ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ട്. കൊവിഡ് രോഗികളെ സഹായത്തിനായെത്തുന്ന ഈ ആംബുലന്‍സിന്റെ സേവനം മറ്റ് രോഗികള്‍ക്കും ലഭ്യമാണ്.

Similar News