ഡല്‍ഹിയിലെ ഭൂചലനം; സാധാരണ ഫോള്‍ട്ടിങ് മൂലം: എന്‍സിഎസ് റിപോര്‍ട്ട്
ടെക്‌റ്റോണിക് ഭൂകമ്പമല്ല ഇതെന്ന് എന്‍സിഎസ് മേധാവി ഒപി മിശ്ര പറഞ്ഞു

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ ഉണ്ടായ ഭൂകമ്പം സാധാരണ ഫോള്‍ട്ടിങ് മൂലമാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്)യുടെ റിപോര്‍ട്ട്. ഭൂഗര്‍ഭജലവുമായോ നദികളിലെ മുന്‍കാല നിക്ഷേപങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്ന ഒരു തരം ഭൂചലനമാണിതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.
ടെക്‌റ്റോണിക് ഭൂകമ്പമല്ല (ടെക്‌റ്റോണിക് പ്ലേറ്റുകള്‍ നീങ്ങുമ്പോള്‍ ഉണ്ടാകുന്ന ഭൂകമ്പം)ഇതെന്ന് എന്‍സിഎസ് മേധാവി ഒപി മിശ്ര പറഞ്ഞു. സോഹ്ന, മഥുര ഫോള്‍ട്ടുകള്‍ പോലുള്ള പ്രധാന ഫോള്‍ട്ടുകള്‍ ഈ ഭൂകമ്പത്തിന് കാരണമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് ചെറുതും ഇടത്തരവുമായ ഭൂകമ്പങ്ങളുടെ ചരിത്രമുണ്ടെന്നും, 2007-ല്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഏറ്റവും ശക്തമായതെന്നും മിശ്ര പറഞ്ഞു.
ഇപ്പോള്‍ ഭുകമ്പം ഉണ്ടായ സ്ഥല്, 50 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 1993 മുതല്‍ 446 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതില്‍തന്നെ 1.1 തീവ്രതയുള്ളത് മുതല്‍ 4.6 തീവ്രതയുള്ളത് വരെയുള്ള ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയില്‍ ഘടനാപരമായ വ്യതിയാനങ്ങള്‍ ഉള്ളതിനാല്‍ കാലക്രമേണ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഭൂകമ്പങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
1720-ല്‍ ഡല്‍ഹിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, 1842-ല്‍ മഥുരയില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, 1956-ല്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ബുലന്ദ്ഷഹര്‍ ഭൂകമ്പം, 1966-ല്‍ 5.8 തീവ്രത രേഖപ്പെടുത്തിയ മൊറാദാബാദ് ഭൂകമ്പം എന്നിവയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയ പ്രാദേശിക ഭൂകമ്പങ്ങള്‍.