കിഫ് ബി കടമെടുത്ത് കൂട്ടുകയാണെന്ന് ഇ ശ്രീധരന്‍: ഇപ്പോള്‍ എതിര്‍പ്പ് എങ്ങിനെ വന്നുവെന്ന് കിഫ് ബി

ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഡല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ളവ കടമെടുക്കാതെ ചെയ്തതാണോ എന്നും കിഫ് ബി ചോദിച്ചു.

Update: 2021-02-19 15:35 GMT
തിരുവനന്തപുരം: കിഫ് ബി കടമെടുത്ത് കൂട്ടുകയാണെന്ന മെട്രോമാന്‍ ഇ ശ്രീധരന്‍. 'കിഫ് ബി എന്നുപറഞ്ഞാല്‍ എന്താണ്. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ പറ്റുമോ. ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. ആരത് വീട്ടും'. എന്നായിരുന്നു ശ്രീധരന്റെ ചോദ്യം. ഇതിനോട് രൂക്ഷമായാണ് കിഫ് ബി പ്രതികരിച്ചത്. ഇത്രനാളും ഉണ്ടാകാതിരുന്ന എതിര്‍പ്പ് ഇപ്പോള്‍ എവിടെ നിന്നും വന്നുവെന്ന് കിഫ് ബി ചോദിച്ചു.


ശ്രീധരന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. ഇത്രനാളും ഉണ്ടാകാത്ത കിഫ് ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെയുണ്ടായി. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഡല്‍ഹി മെട്രോ ഉള്‍പ്പെടെയുള്ളവ കടമെടുക്കാതെ ചെയ്തതാണോ എന്നും കിഫ് ബി ചോദിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വായ്പയെടുക്കുന്നതെന്നും കിഫ് ബി വ്യക്തമാക്കി.


അതിനിടെ, ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന ഇ ശ്രീധരന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പരിഹാസത്തിന് വഴിവെച്ചിട്ടുണ്ട്. 'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനെ എതിര്‍ക്കില്ല. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കേരളത്തില്‍ അധികാരത്തില്‍ എത്തുകയാണെങ്കില്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യും. ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ല.' എന്നെല്ലാമാണ് ഇ ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.




Tags:    

Similar News