മരിച്ചതിനാല്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്യണമെന്ന് ഡിവൈഎഫ്‌ഐയുടെ പരാതി; നോട്ടിസ് ഏറ്റുവാങ്ങി 'പരേത'
നാദാപുരം: മരിച്ചതിനാല്‍ വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടാനായുള്ള പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് നോട്ടീസ് ഏറ്റുവാങ്ങി 'പരേത'. കോഴിക്കോട് നാദാപുരത്താണ് സംഭവം. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ കല്ലുള്ളതില്‍ കല്യാണി മരിച്ചെന്നും അവരുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രാദേശികനേതാവ് പരാതിനല്‍കിയിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നോട്ടിസുമായെത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് നോട്ടീസ് കല്ല്യാണിതന്നെ കൈപ്പറ്റുകയായിരുന്നു. ഇതോടെ ഡിവൈഎഫ്‌ഐ നടപടിക്കെതിരേ യുഡിഫ് രംഗത്തെത്തി
21ാം വാര്‍ഡിലെ ടി വി സുഹൈല എന്ന വോട്ടര്‍ക്ക് പതിനെട്ടാംവാര്‍ഡില്‍ ഭാഗം ഒന്നില്‍ ക്രമനമ്പര്‍ 182 പ്രകാരം വോട്ടുണ്ടെന്ന് പരാതിനല്‍കിയതാണ് മറ്റൊരുസംഭവം. പരാതിയില്‍പ്പറയുന്ന പതിനെട്ടാംവാര്‍ഡിലെ ക്രമനമ്പര്‍ 182 സുഹൈലയല്ലെന്ന് യുഡിഎഫ് ആരോപിച്ചു. വ്യാജരേഖകള്‍നല്‍കി നാദാപുരം പഞ്ചായത്തിലെ വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഇല്ലാതാക്കാനുള്ള സിപിഎം നീക്കം പരാജയഭീതികൊണ്ടാണെന്ന് യുഡിഎഫ് ആരോപിച്ചു.