ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്: പാര്‍ട്ടി തീരുമാനിക്കുമെന്ന് എ എ റഹീം
അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് എഎ റഹീം. പ്രസിഡന്റ് സ്ഥാനത്തു നിന്നും പിഎ മുഹമ്മദ് റിയാസ് ഒഴിഞ്ഞാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിനെ തിരഞ്ഞെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുതിയ പ്രസിഡന്റിനെ ഉടനെ തിരഞ്ഞെടുക്കും. തന്നെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും റഹീം പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ട്ടി ഫ്രാക്ഷന്‍ ചേര്‍ന്നിരുന്നു. ഈ ഫ്രാക്ഷനിലാണ് റഹീമിന്റെ പേര് ഉയര്‍ന്ന് വന്നത്. ഇതോടെ സംസ്ഥാന കമ്മിറ്റിയിലും മാറ്റങ്ങള്‍ വരും. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് പോയേക്കും. 2017ലാണ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി പിഎ മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തത്. അതിനു മുമ്പ് സ്പീക്കര്‍ എംബി രാജേഷായിരുന്നു ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്.