ഇത് സര്‍ക്കാര്‍ വിരുദ്ധരാഷ്ട്രീയത്തിന്റെ ഭാഗം; പിജി ഡോക്ടര്‍മാരുടെ സമരം അധാര്‍മികമെന്നും ഡിവൈഎഫ്‌ഐ

സമരക്കാര്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്.

Update: 2021-12-12 11:10 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍നടത്തിവരുന്ന സമരം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സമരക്കാര്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്. ഇത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ആദ്യത്തേത്, ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്നതാണ്. എന്നാല്‍, സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ജോലിഭാരം കുറയ്ക്കുക എന്ന ആവശ്യത്തിന്മേല്‍, ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിരക്കി കഴിഞ്ഞു. ഏഴ് മെഡിക്കല്‍ കോളജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്. അതുകൊണ്ടുതന്നെ, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണ്.

ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതുമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം എത്രയും വേഗം പിജി വിദ്യാര്‍ഥികള്‍ അവസാനിപ്പിക്കണം. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്ക് മുടക്കം കൂടാതെ സ്‌റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം. അവരുടെ മെഡിക്കല്‍ പിജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലും അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കല്‍ കോളജിനെ കൂടുതലും ആശ്രയിക്കുന്നത്. അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടര്‍മാര്‍ മാറരുത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്. പിജി ഡോക്ടര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം ദിനവും തുടരുകയാണ്. എന്നിട്ടും സമരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകസംഘടനകളും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. പിജി വിദ്യാര്‍ത്ഥികളുടെ സേവനം മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അങ്ങേയറ്റം സഹായകമാണ്. റെസിഡന്‍സി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ രോഗീപരിചരണം പിജി വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. പിജി വിദ്യാര്‍ഥികളുടെ അഭാവം മൂലം രോഗീചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അമിതമായ ജോലിഭാരം പൂര്‍ണമായും ഏറ്റെടുക്കാന്‍ നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്ള അധ്യാപകര്‍ക്ക് മാത്രമായി സാധ്യമല്ലെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസും, സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കറും പറഞ്ഞു.

Tags:    

Similar News