വാളേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ കേസെടുത്ത് ആര്യങ്കോട് പോലിസ്

ആയുധനിയമപ്രകാരമാണ് ആര്യങ്കോട് പോലിസ് കേസെടുത്തത്

Update: 2022-05-30 09:51 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാളേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയതിനെതിരേ പ്രതിഷേധം ശക്തമായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി പോലിസ്. ആയുധ നിയമപ്രകാരമാണ് ആര്യങ്കോട് പോലിസ് കേസെടുത്തത്. പഥസഞ്ചലനത്തിനെതിരേ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്ത പോലിസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. വംശീയ വിദ്വേഷ മുദ്രാവാക്യം വിളിച്ച് വാളുകളുമേന്തി നടത്തിയ പഥസഞ്ചലനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ടള ഏരിയാ സെക്രട്ടറി നവാസാണ് കാട്ടാക്കട ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യങ്കോട് പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ വാളായിരുന്നോ എന്ന് പോലിസ് പരിശോധിച്ചിരുന്നു. യാഥാര്‍ഥ വാളാണ് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആയുധ നിയമപ്രകാരം കേസെടുത്തത്. പഥസഞ്ചലനത്തിന് നേതൃത്വം നല്‍കിയവരെയും വരുംദിവസങ്ങളില്‍ പോലിസ് ചോദ്യം ചെയ്യും.

മെയ് 22നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര കീഴാറൂരില്‍ വാളുകളുമായി പെണ്‍കുട്ടികള്‍ പങ്കെടുത്ത പഥസഞ്ചലനം നടന്നത്. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന കാംപിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. മതസ്പര്‍ധവളര്‍ത്തുന്ന മുദ്രവാക്യങ്ങളാണ് പഥസഞ്ചലനത്തിലുടനീളം ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ വിളിച്ചത്. എട്ടോളം വാളുകളുമായിട്ടായിരുന്നു പരസ്യ റൂട്ട് മാര്‍ച്ച്. സരസ്വതി വിദ്യാലയത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ആയുധപരിശീലന ക്യാംപാണ് നടന്നത്. വിശ്വഹിന്ദുപരിഷത്താണ് ക്യാംപിന് നേതൃത്വം നല്‍കിയത്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും സംഘപരിവാറിനെതിരേ ചെറുവിരലനക്കാന്‍ പോലിസ് തയ്യാറായില്ല. പോലിസിന്റെ നിഷ്‌ക്രിയത്വത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെയാണ് പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. 

Tags:    

Similar News