ദുബയ്: ഭാവി ഗതാഗതരംഗത്ത് വലിയ ചുവടുവയ്പായി ദുബയിലെ ആദ്യ എയര്‍ ടാക്‌സി സ്‌റ്റേഷന്‍ പൂര്‍ത്തിയായി. ദുബയ് വിമാനത്താവളത്തിന് സമീപമുള്ള സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം പദ്ധതി പുരോഗതി വിലയിരുത്തി. ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരുക്കിയ ഈ സ്‌റ്റേഷന്‍ ലോകത്തിലെ ആദ്യ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്‍ ടാക്‌സി കേന്ദ്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. നഗരത്തിലെ എയര്‍ ടാക്‌സി സേവനങ്ങളുടെ പ്രധാന ഹബ്ബായിരിക്കും ഇത്.
സ്‌കൈപോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറും ജോബി ഏവിയേഷനും ചേര്‍ന്ന് വികസിപ്പിച്ച പദ്ധതി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്. 3,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള നാലു നില കെട്ടിടത്തില്‍ രണ്ടു നില പാര്‍ക്കിങ് സൗകര്യം, രണ്ടു ടേക്ക് ഓഫ്/ലാന്‍ഡിങ് പാഡുകള്‍, ചാര്‍ജിങ് സംവിധാനങ്ങള്‍, താപനിയന്ത്രിത സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷത്തില്‍ ഏകദേശം 1.7 ലക്ഷം യാത്രക്കാരെ സേവിക്കാന്‍ ശേഷിയുണ്ട്.
എയര്‍ ടാക്‌സി സേവനം ആരംഭിക്കുന്നതോടെ നഗരത്തിലെ യാത്രാസമയം ഗണ്യമായി കുറയും. ദുബയ് വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് വെറും പത്തു മിനിറ്റിനുള്ളില്‍ എത്താനാകും. നിലവില്‍ റോഡ് മാര്‍ഗം ഏറെ സമയം വേണ്ടിവരുന്ന യാത്രയ്ക്കാണ് ഇത് വലിയ മാറ്റമാകുന്നത്.
ഈ വര്‍ഷാവസാനത്തോടെ വാണിജ്യ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 2025 നവംബറില്‍ ജോബി ഏവിയേഷന്‍ രാജ്യത്തെ ആദ്യ പൈലറ്റോടുകൂടിയ എയര്‍ ടാക്‌സി പരീക്ഷണയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡൗണ്‍ടൗണ്‍ ദുബയ്, പാം ജുമൈറ, ദുബയ് മറീന എന്നിവിടങ്ങളിലും കൂടുതല്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. 2026ഓടെ നാലു സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പ്രാഥമിക ശൃംഖല സജ്ജമാക്കുകയാണ് ലക്ഷ്യം.
