ബെംഗളൂരു: നഗരത്തില്‍ പുതുവല്‍സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്ന ലഹരിവസ്തുക്കള്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം പിടികൂടി. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിലാണ് 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലും 1,040 ലഹരിഗുളികകളും 2.35 കിലോഗ്രാം അസംസ്‌കൃത മയക്കുമരുന്ന് നിര്‍മ്മാണ വസ്തുക്കളും അധികൃതര്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം 23.74 കോടി രൂപയാണ് വിലവരുന്നതെന്ന് പോലിസ് അറിയിച്ചു. വീട്ടില്‍ താമസിച്ച് മയക്കുമരുന്നു വ്യാപാരം നടത്തുകയായിരുന്ന നൈജീരിയന്‍ സ്വദേശിയായ ഇജികെ സെഗ്വുവിനെ(42)പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ വിവിധ പ്രദേശങ്ങള്‍ക്കൊപ്പം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
2017ല്‍ ബിസിനസ് വിസയില്‍ ശ്രീലങ്ക വഴി ഇന്ത്യയിലെത്തിയ ഇയാള്‍ വിസാവധി കഴിഞ്ഞിട്ടും അനധികൃതമായി ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു. 2019, 2020 വര്‍ഷങ്ങളിലായി രണ്ടു മയക്കുമരുന്നു കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. താമസ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളും മുന്‍പ് ഇയാളുടെ പേരില്‍ ചുമത്തപ്പെട്ടിരുന്നു. വാടകവീടുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട രേഖാപരമായ നടപടികളില്‍ വീഴ്ച വരുത്തിയതിനാല്‍ വീട്ടുടമയ്‌ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.
