മേപ്പാടി പോളിടെക്‌നിക് അക്രമത്തെച്ചൊല്ലി ഭരണ- പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Update: 2022-12-09 07:02 GMT

തിരുവനന്തപുരം: മേപ്പാടി പോളിടെക്‌നിക് അക്രമവുമായി ബന്ധപ്പെട്ട ഭരണ- പ്രതിപക്ഷ ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാനടപടികള്‍ വെട്ടിച്ചുരുക്കുന്നതായും ഇന്നത്തേക്ക് പിരിയുന്നതായും സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. മേപ്പാടി കോളജിലെ എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികള്‍ എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന പ്രതിപക്ഷ ആരോപണമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി എസ്എഫ്‌ഐ നേതാവാണെന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയതോടെ ബഹളം വര്‍ധിച്ചു.

സതീശന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ മന്ത്രിമാര്‍ അടക്കം ഭരണപക്ഷ അംഗങ്ങളുടെ ശ്രമത്തില്‍ നിയമസഭയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവുമായി. ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് പറഞ്ഞ സതീശന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റതോടെ തര്‍ക്കം രൂക്ഷമായി. ഇതോടെയാണ് സഭ പിരിയാനുള്ള തീരുമാനം സ്പീക്കര്‍ അറിയിച്ചത്. നേരത്തെ, ലഹരിമരുന്ന് വ്യാപനം സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേത്തിന് നോട്ടീസ് നല്‍കിയിരുന്നു.

മയക്കുമരുന്ന് മാഫിയക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി എം ബി രാജേഷ് വിശദീകരിച്ചതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാക്കൗട്ട് പ്രസംഗം ആരംഭിച്ചതോടെയാണ് ഭരണപ്രതിപക്ഷ ബഹളത്തിന് തുടക്കമായത്. മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ പൂര്‍ണപിന്തുണയാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കിയതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കാംപയിന്‍ മാത്രം പോരെന്നും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടെ എന്ന ചോദ്യവും സതീശന്‍ ഉന്നയിച്ചു.

മയക്കുമരുന്നു മാഫിയയുടെ കണ്ണികള്‍ മുറിക്കാനോ ഉറവിടം കണ്ടെത്താനോ നമ്മുക്ക് കഴിയുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മേപ്പാടി പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ നേതാവ് ആക്രമിക്കപ്പെട്ട സംഭവം മന്ത്രി എം ബി രാജേഷ് സഭയില്‍ ചൂണ്ടിക്കാട്ടി. മേപ്പാടിയില്‍ 23 വര്‍ഷത്തിന് ശേഷം കെ.എസ്.യു ജയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നും ലഹരി ഉപയോഗത്തില്‍ സസ്‌പെന്റ് ചെയ്തത് എസ്എഫ്‌ഐ നേതാവിനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി.

പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്തുവന്നെങ്കിലും പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ഇടതുപക്ഷവുമായി ബന്ധമുള്ള നിരവധി നേതാക്കള്‍ക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നും ലഹരിക്കെതിരേ ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ച എറണാകുളത്തെ സിഐടിയു നേതാവ് മയക്കുമരുന്നു കേസില്‍ ജയിലിലാണെന്ന വിവരവും സതീശന്‍ സഭയില്‍ ഉന്നയിച്ചു. ഇതോടെ പ്രകോപിതരായ ഭരണപക്ഷ അംഗങ്ങള്‍ പ്രതിപക്ഷവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

മേപ്പാടി കോളേജില്‍ അപര്‍ണ ഗൗരിയെ ആക്രമിച്ചെന്നു പറയുന്ന കേസില്‍ അറസ്റ്റിലായ ഇതേ പ്രതികളാണ് മൂന്ന് മാസങ്ങള്‍ക്കു മുമ്പ് അവിടെ സ്ഥാപിച്ച എംഎസ്എഫിന്റെ കൊടിമരം പിഴുതെറിഞ്ഞ കേസിലെയും പ്രതികള്‍. ഒരാള്‍ക്കും പ്രവര്‍ത്തന സാതന്ത്ര്യമില്ലാത്ത വിധം ഒരു മയക്കുമരുന്ന് സംഘം മേപ്പാടി കാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പഴയ ആളുകളാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അത് കെഎസ്‌യുവിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ട.

മയക്കുമരുന്ന് ഉപയോഗിച്ചതിന് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത് എന്തിനാണ്? യൂനിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് ജയിച്ചതിന്റെ പ്രതികാരമെന്നോണം ആണിവെച്ചും പട്ടികവച്ചും കുട്ടികളുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയാണ്. ഇതാണ് കാംപസില്‍ നടന്നത്. എന്നിട്ട് അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍- വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ലഹരിസംഘത്തിന് രാഷ്ട്രീയ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടെന്നുകൂടി സതീശന്‍ പറഞ്ഞതോടെ ഭരണപക്ഷം രോഷാകുലരായി.

തുടര്‍ന്ന് സതീശനോട് പ്രസംഗം തുടരാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഭരണപക്ഷത്തെ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവിഭാഗവും ബഹളം വച്ചാല്‍ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ സുഗമമായി നടത്താനാവാത്ത സാഹചര്യത്തില്‍ ഇന്നത്തെ ബാക്കി നടപടികള്‍ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നറിയിച്ച് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

Tags:    

Similar News