ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുകോണ്‍ അടക്കം മൂന്ന് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും

സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍.

Update: 2020-09-26 04:09 GMT

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ദീപിക പദുകോണ്‍ അടക്കം മൂന്ന് ബോളിവുഡ് താരങ്ങളെ ഇന്ന് ചോദ്യം ചെയ്യും. മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ലഹരിമരുന്ന് ഇടപാടില്‍ താരങ്ങളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് അന്വേഷണ സംഘം വിളിച്ചുവരുത്തുന്നത്.

സാറ അലിഖാന്‍, ശ്രദ്ധാ കപൂര്‍ എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുന്ന മറ്റ് നടിമാര്‍. നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയെയും എന്‍സിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഇത് വിശകലനം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍സിബി ഡയറക്ടര്‍ ജനറല്‍ മുത്ത അശോക് ജെയിന്‍ പറഞ്ഞു.

മുംബൈയിലെ വീട്ടില്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്ന് മാസത്തിന് ശേഷം നടന്‍ റിയ ചക്രബര്‍ത്തിയുടെ ചോദ്യം ചെയ്യലില്‍ ആരംഭിച്ച മയക്കുമരുന്ന് അന്വേഷണം ബോളിവുഡുമായി ബന്ധമുള്ള നിരവധി പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു.

ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശും 'ഡി' എന്ന ഒരാളും തമ്മില്‍ നടന്നതായി പറയപ്പെടുന്ന വാട്ട്സ്ആപ്പ് സംഭാഷണങ്ങളില്‍ മയക്കമരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് കേസില്‍ ദീപികയുടെ പേര് ഉയര്‍ന്നത്.ഗോവയിലെ ഷൂട്ടിങ് നിര്‍ത്തിവച്ചാണ് ദീപിക പദുകോണ്‍ മുംബൈയിലേക്ക് തിരികെയെത്തിയത്. ദീപിക സമ്മര്‍ദത്തിലാണെന്നും ചോദ്യം ചെയ്യല്‍ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപേര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ സെപ്തംബര്‍ 6 നും 9 നും ഇടയില്‍ ഏജന്‍സി ചോദ്യം ചെയ്ത സമയത്ത് അവര്‍ സാറയുടെയും രാകുല്‍ പ്രീതിന്റെയും ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എന്‍സിബി പറയുന്നു. അവരുമായി എന്ത് ബന്ധമാണെന്നാണ് റിയ ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നതെന്ന കാര്യം അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.




Tags:    

Similar News