പെരിന്തല്‍മണ്ണ: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് ജില്ലയിലേക്ക് കടത്തിയ 20 ലക്ഷത്തിലധികം രൂപയുടെ 55,000ത്തോളം ഹാന്‍സ് പായ്ക്കറ്റുകളുമായി മൊത്തവിതരണക്കാരായ അഞ്ചംഗസംഘം പിടിയില്‍. നാട്ടുകല്‍ സ്വദേശികളായ ചേരിപ്പുറത്ത് ഫൈസല്‍(32),ചേലപ്പറമ്പില്‍ നഫ്‌സല്‍ നിഷാദ് (24), പൊതിയില്‍ സിയാസ് (24) മൈസൂര്‍ ദേവാലപുറ സ്വദേശികളായ യോഗേഷ് (22), മണികണ്ഠന്‍ (24), എന്നിവരെയാണ് പോലിസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെത്തിക്കുന്ന അന്യസംസ്ഥാനക്കാരുള്‍പ്പടെയുള്ള സംഘത്തെകുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തൂത ഹൈസ്‌ക്കൂളിന് സമീപം വച്ചാണ്് മിനിലോറിയില്‍ കടത്തിയ മുപ്പത്തിയാറ് ചാക്ക് ഹാന്‍സ് പിടികൂടിയത്.പെരിന്തല്‍മണ്ണ സിഐ എം പി രാജേഷ്, എസ് ഐ രമ എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജോര്‍ജ് കുര്യന്‍, ഫൈസല്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാജി, പ്രമോദ്, രാജേഷ്, ഷാജിമോന്‍, ജോസഫ്, ആമിന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. സംഘത്തിലെ പ്രധാനപ്രതിയെകുറിച്ച് സൂചനലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.