സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ഭാരത് ബയോടെക് കൊവിഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി
ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീലര്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ വി ജി സൊമാനി ഔപചാരികമായി അനുമതി നല്‍കിയത്.
രണ്ട് ഉല്‍പ്പാദാക്കളും തങ്ങളുടെ വാക്‌സിന്‍ പരീക്ഷണത്തിന്റെ തെളിവുകള്‍ ഹാജരാക്കിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം നിയന്ത്രിതമായ സാഹചര്യത്തില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം കണ്‍ട്രോളര്‍ മാധ്യമങ്ങളെ അറിയിച്ചത്.
വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത സബ്ജക്റ്റ് എക്പര്‍ട്ട് കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെ വാക്‌സിനുകള്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഭാരത് ബയോടെക്കിന്റെയും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും വാക്‌സിനുകള്‍ അടിയന്തര ഘട്ടങ്ങളില്‍ മുന്‍കരുതലോടെ ഉപയോഗിക്കാനും കാഡില ഹെല്‍ത്ത്‌കെയറിന്റെ ഫേസ് 3 ട്രയല്‍ നടത്താനുമാണ് സമിതി ശുപാര്‍ശ നല്‍കിയിരുന്നത്. അതാണിപ്പോള്‍ കണ്‍ട്രോളര്‍ അനുമതി നല്‍കി ഉത്തരവായത്. അതേസമയം കാഡിലെ ഹെല്‍ത്ത് കെയറിന്റെ അനുമതി സംബന്ധിച്ച് വ്യക്തതയില്ല.
