മയക്കുമരുന്ന് കേസ്: നടി റിയാ ചക്രബര്‍ത്തിയുടെ സഹോദരന് ജാമ്യം

Update: 2020-12-02 14:35 GMT

മുംബൈ: മയക്കുമരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമാണ് ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. സെപതംബര്‍ നാലിനാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. ഇതേ കേസില്‍ റിയ ചക്രബര്‍ത്തി നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബോളിവുഡ് സിനിമാലോകത്തെ ലഹരിമരുന്ന് ഉപയോഗത്തിലേക്കും നീണ്ടിരുന്നു. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസിലാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലാകുന്നത്. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും ഷോവിക്കിനൊപ്പം അറസ്റ്റിലായിരുന്നു. അറസ്റ്റിലായതിന് ശേഷം ഒക്ടോബറില്‍ ഷോവിക്കും സഹോദരി റിയയും ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിയയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഷോവിക്കിന് കോടതി ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെ നവംബര്‍ ആദ്യ വാരം സമര്‍പിച്ച ജാമ്യാപേക്ഷയിലാണ് നിലവില്‍ കോടതി ഷോവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്.