ബംഗാളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; നടി ശ്രബന്തി ചാറ്റര്‍ജി ബിജെപി വിട്ടു

Update: 2021-11-11 07:50 GMT

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ഇനിയും ശമനമായില്ല. ബംഗാളി നടി ശ്രബന്തി ചാറ്റര്‍ജിയാണ് ഏറ്റവും അവസാനം പാര്‍ട്ടി വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാവുമോയെന്ന് വ്യക്തമല്ല.

ബംഗാളിന്റെ കാര്യത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടിവിട്ടത്. രാജിക്കത്തിലും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. 

അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുണ്ട്. മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂലില്‍ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറയാമെന്ന് അവര്‍ മറുപടി നല്‍കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈലാഷ് വിജയവര്‍ഗിയയ്ക്കും ദിലീപ് ഘോഷിനുമൊപ്പം അവര്‍ തിരഞ്ഞെടുപ്പ് കാംപയിനില്‍ സജീവമായിരുന്നു. ബെഹാല വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ തൃണമൂലിന്റെ പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരെയാണ് ശ്രബന്തി മത്സരിച്ചത്. 60,000 ത്തോളം വോട്ട് മാത്രമാണ് നേടാനായത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റതോടെ നേരത്തെ ബിജെപിയില്‍ ചേക്കേറിയ നിരവധി പേര്‍ തൃണമൂലിലേക്ക് കൂറ് മാറിയിരുന്നു.

Tags: