ജയ്പൂരില്‍ കുടിവെള്ള ദുരന്തം; ആയിരത്തിലധികം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപോര്‍ട്ട്

Update: 2026-04-05 07:26 GMT

ജയ്പൂര്‍: ജയ്പൂര്‍ നഗരത്തിലെ സുശീല്‍പുരയില്‍ കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യപ്രതിസന്ധി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്‌നത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഖബാധിതരില്‍ കൂടുതലും പ്രായമുളളവരും കുട്ടികളുമാണ്. ഛര്‍ദ്ദി, വയറിളക്കം, മനംപുരട്ടല്‍, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകള്‍ ചികില്‍സ തേടുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം 150ഓളം പേര്‍ സമീപത്തെ സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയില്‍ ചികില്‍സ തേടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.

സംഭവം നടന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള പ്രദേശത്താണെന്നത് വിമര്‍ശനം ഉയരാന്‍ ഇടയാക്കി. സമീപത്ത് നടത്തിയ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് പണിക്കിടെ കുടിവെള്ള പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും സമീപത്തെ മലിനജല പൈപ്പില്‍ നിന്നുള്ള വെള്ളം കുടിവെള്ളത്തില്‍ കലരുകയും ചെയ്തതായാണ് സൂചന. ടാപ്പുകളില്‍ നിന്ന് മഞ്ഞയും കറുപ്പും കലര്‍ന്ന ദുര്‍ഗന്ധമുള്ള വെള്ളം ലഭിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. സുരക്ഷിത കുടിവെള്ളം ഉടന്‍ ലഭ്യമാക്കണമെന്നും കേടായ പൈപ്പുകള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി. നിലവില്‍ ടാങ്കര്‍ വെള്ളവും കുപ്പിവെള്ളവുമാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Tags: