കരട് രാഷ്ട്രീയ പ്രമേയം: പോപുലര്‍ ഫ്രണ്ടിനെതിരായ പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് ഇ എം അബ്ദുല്‍ റഹിമാന്‍

Update: 2022-02-07 10:45 GMT

കോഴിക്കോട്; പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ജമാഅത്തെ ഇസ് ലാമിയും ഹിന്ദുത്വശക്തികളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന പരാമര്‍ശം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുല്‍ റഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം മറ്റ് മതേതര രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം ഫാഷിസത്തെയും ഏകാധിപത്യത്തെയും പ്രതിരോധിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിക്കേണ്ട ഒരു കക്ഷിയാണെന്ന് പോപുലര്‍ ഫ്രണ്ട് വിശ്വസിക്കുന്നു. ഫാഷിസത്തിനെതിരായ പ്രതിരോധം എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് നടത്തേണ്ട നിര്‍ണായകമായ ചരിത്രസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നത്. ഈ പൊതുലക്ഷ്യത്തിനും പൊതുജനതാല്‍പര്യത്തിനും ദേശീയതാല്‍പര്യത്തിനും പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചുള്ള സിപിഎമ്മിന്റെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും സഹായകമല്ല. 

മുസ് ലിംകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു എന്ന സിപിഎം കരട് പ്രമേയം സ്വാഗതാര്‍ഹമാണ്. അതോടൊപ്പം തന്നെ കേരളം ഉള്‍പ്പടെയുള്ള ബിജെപി ഇതര സര്‍ക്കാരുകള്‍ മുസ് ലിംകള്‍ക്ക് സുരക്ഷിതത്വ ബോധം ഉണ്ടാകാനും ശാക്തീകരണത്തിനും വേണ്ടി എന്ത് ക്രിയാത്മകമായ നടപടികളാണ് എടുക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇരകളാകുന്ന സമൂഹത്തിന് പുറത്തുനിന്നുള്ള വിമോചകരെ കാത്തിരുന്ന് കാലം കഴിക്കാന്‍ കഴിയില്ല. വിചാരധാര ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മുസ് ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും പൊതുവിപത്തായ ഫാഷിസത്തെ ഒരുമിച്ച് നിന്ന് ചെറുക്കുകയാണ് വേണ്ടത്. ഇരകളാകുന്നവര്‍ക്ക് സംഘടിക്കാന്‍ അവകാശമുണ്ട്. സ്വയം ശാക്തീകരണത്തിനും പ്രതിരോധത്തിനും അവകാശമുണ്ട്. പ്രതിരോധത്തിനും ശാക്തീകരണത്തിനുമുള്ള മര്‍ദ്ദിത വിഭാഗത്തിന്റെ അവകാശങ്ങളെ മര്‍ദ്ദക ശക്തികളുമായി താരതമ്യപ്പെടുത്തി തുലനം ചെയ്യുന്നത് കാപട്യവും അവസരവാദപരവും ആണ്. ഈ കാപട്യവും അവസരവാദവുമാണ് ആര്‍എസ്എസും ബിജെപിയും ഉള്‍പ്പടെയുള്ള ഹിന്ദുത്വ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിയത്. 

സിപിഎമ്മിന്റെ കരട് രേഖയിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായി പോപുലര്‍ ഫ്രണ്ട് തള്ളിക്കളയുന്നില്ല. അതേസമയം അതില്‍ അനിവാര്യമായ തിരുത്തലുകള്‍ വരുത്താന്‍ സിപിഎം തയ്യാറാവണം. 'പോപുലര്‍ ഫ്രണ്ട് തീവ്രവാദ, മതമൗലികവാദ സംഘടനയാണ്. പോപുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ മുന്നണിയും ഹിന്ദുത്വ ശക്തികളാല്‍ വേട്ടയാടുന്നതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അരികുവല്‍കരണവും അരക്ഷിതാവസ്ഥയും ഉപയോഗപ്പെടുത്തുന്നവരാണ്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ ശക്തികളെ സഹായിക്കുകയെയുള്ളു. ജനാധിപത്യ ശക്തികള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ശക്തമായി പ്രതിരോധിക്കേണ്ടതും മതേതര ചേരിയില്‍ അവരെ അണിനിരത്തേണ്ടതുമാണ്.' ഈ കരടിലെ പരാമര്‍ശങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ ഉദ്ദേശലക്ഷ്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതാണ്. 

പോപുലര്‍ ഫ്രണ്ട് 2007 മുതല്‍ ദേശീയതലത്തിലും 1993 മുതല്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലധികം കാലമായി രാജ്യത്തെ ജനങ്ങളെ സംബോധന ചെയ്യുകയും സംഘടിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ടിനെതിരായി മാത്രമല്ല സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മറിച്ച് അതില്‍ അന്തര്‍ലീനമായ മതന്യൂനപക്ഷങ്ങളോടും അവരുടെ സംഘാടന അവകാശത്തോടും സംഘടനകളോടുമുള്ള സമീപനം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മിന്റെ ഭാവിയെ പോലും അപകടത്തില്‍ പെടുത്തുന്നതാണ്. മുസ് ലിംകള്‍ അപരന്‍മാരാണ്, ദേശദ്രോഹികളാണ്, സംശയിക്കപ്പെടേണ്ടവരാണ് എന്ന പ്രചാരണം പ്രയോഗതലത്തിലേക്ക് എത്തി ആള്‍ക്കൂട്ട കൊലകളിലേക്കും അനുദിന അതിക്രമങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിംകളെ അപരവല്‍കരിക്കുക എന്നുള്ളത് ആര്‍എസ്എസിന്റെ അജണ്ടയെ സഹായിക്കുന്ന സമീപനമാണ്. 

പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ഏത് അര്‍ഥത്തിലാണ് സംഘടന ആര്‍എസ്എസിനോട് സമരസപ്പെടുന്നതെന്ന് വിശദീകരിക്കാന്‍ നാളിത് വരെ ആരും തയ്യാറായിട്ടില്ല. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമെന്നത് വിദ്വേഷത്തിലും അപരവല്‍കരണത്തിലും അധിഷ്ടിതമായ, മുസ് ലിംകള്‍ ഈ രാജ്യത്ത് തുല്യാവകാശങ്ങളുള്ള സ്വതന്ത്ര പൗരന്‍മാരായി ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ജനവിഭാഗമാണ് എന്നതാണ്. ആര്‍എസ്എസ് മുസ് ലിംകളുടെ കാര്യത്തില്‍ വെച്ച് പുലര്‍ത്തുന്ന സമീപനം ഹിന്ദുക്കളോടും ഹിന്ദു സമുദായത്തോടും പോപുലര്‍ ഫ്രണ്ട് വെച്ചുപുലര്‍ത്തുന്നുണ്ട് എന്ന് തെളിയിക്കാനാവില്ല. ഹൈന്ദവ മതവിശ്വാസത്തെ ദുരുപയോഗപ്പെടുത്തി അവരുടെ വിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ വിദ്വേഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ് നടപ്പിലാക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുത്വത്തെയും ഹിന്ദുമതത്തെയും കൃത്യമായി വേര്‍തിരിച്ചാണ് തുടക്കം മുതല്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന് സമാനമായി ഒരു മുസ് ലിം സംഘടനയും ഇന്ത്യയില്‍ ഇല്ല. ആര്‍എസ്എസിനെ പോപുലര്‍ ഫ്രണ്ടുമായി സമീകരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. 

നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വസ്തുനിഷ്ടമായി വിലയിരുത്തി പോപുലര്‍ ഫ്രണ്ടിനെ സംബന്ധിച്ചുള്ള കരട് രേഖയിലെ പരാമര്‍ശം തിരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags: