രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ഡോ.ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു

Update: 2021-11-15 14:49 GMT

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡോ.ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് തീരുമാനമറിയിച്ചത്. ഇതോടെ രാജ്യസഭയിലേക്ക് മല്‍സരം ഉറപ്പായി. അതേസമയം, രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, മന്ത്രിമാരായ ജിആര്‍ അനില്‍, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, ജോബ് മൈക്കിള്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 16. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തിയ്യതി 22. ഈ മാസം 29ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും.

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.

Tags: