ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്‍ണറെ ഓര്‍മിപ്പിച്ച് ഡോ. ടി എം തോമസ് ഐസക്

Update: 2022-10-17 09:51 GMT

തിരുവനന്തപുരം: രാജ്യത്ത് രാജവാഴ്ചയല്ല നിലനില്‍ക്കുന്നതെന്നും തിരുവുളളമുണ്ടായാല്‍ ജോലിയില്‍നിന്നും പദവിയില്‍നിന്നും പുറത്താക്കാന്‍ രാജഭരണമല്ലെന്നും കേരള ഗവര്‍ണറെ ഓര്‍മിപ്പിച്ച് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്.

തനിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയാല്‍ പുറത്താക്കുമെന്ന് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെതിരേയാണ് ഐസക്ക് ആഞ്ഞടിച്ചത്.

'പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാല്‍ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാന്‍ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം.

ബ്രിട്ടണില്‍ രാജാവ് സേവകനെ പുറത്താക്കിയാല്‍ ചോദ്യം ചെയ്യാനോ കോടതിയില്‍ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കല്‍പം നമ്മുടെ ഭരണഘടനയില്‍ ബ്രിട്ടണെ അതേപോലെ പകര്‍ത്തി വെയ്ക്കുകയല്ല ചെയ്തത്.

ഇവിടെ പ്രസിഡന്റിന്റിനും ഗവര്‍ണര്‍ക്കും തിരുവുള്ളക്കേടുണ്ടായാല്‍ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിര്‍ദ്ദേശമനുസരിച്ചു വേണം. അക്കാര്യം ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവില്‍ ബി പി സിംഗാള്‍ കേസില്‍ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മ്മിപ്പിക്കുന്നു'- ഐസക് ഫേസ് ബുക്കില്‍ എഴുതി.

Tags: