വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ വസ്തുതാവിരുദ്ധം: ഡോ.ഹുസൈൻ മടവൂർ

Update: 2020-10-11 01:12 GMT


കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷ യെ നിയമിച്ചതിൽ വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്ന എതിർപ്പുകൾ വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് സർവ്വകലാശാല മുൻ അക്കാദമിക് കൗൺസിൽ അംഗം കൂടിയായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ശ്രീ നാരായണീയരനാവണമത്രെ ഈ സർവ്വകലാശാലയുടെ വൈസ് ചാൻസലർ. ആ വാദം ശരിയല്ല. കാരണം ഇത് എല്ലാ വിഷയങ്ങളിലും വിദൂര വിദ്യാഭ്യാസം നടത്താനുള്ള ഒരു സ്ഥാപനമാണ്.

അല്ലാതെ ശ്രീനാരാണ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാനുള്ള സ്ഥാപനമല്ല.

ഗുരു പറഞ്ഞത് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്ന്' എന്നും 'ജാതി ചോദിക്കരുത് പറയരുത്' എന്നുമാണ്.

എ.പി.ജെ അബ്ദുൽ കലാം ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ മുസ് ലിമാവണമെന്നുണ്ടോ?

തുഞ്ചൻ സ്മാരക മലയാളം സർവ്വകലാശാലയുടെ വി.സി. ഹിന്ദുവാകണമെന്നുണ്ടോ?

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വി.സി. കോൺഗ്രസ്കാരനാവണമെന്നുണ്ടോ?

AKG മെമ്മോറിയൽ സർക്കാർ കോളെജിലും EMS മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് കോളെജിലും പ്രിൻസിപ്പാൾമാർ കമ്മ്യൂണിസ്റ്റുകാർ ആവണമെന്നുണ്ടോ?

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ വി.സി. മതമില്ലാത്ത ഭൗതികവാദിയാകണമെന്നുണ്ടോ?

ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവ. കോളെജിലും , സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളെജിലും പ്രിൻസിപ്പാൾമാർ മുസ് ലിംകളോ ലീഗ്കാരോ ആവണമെന്നുണ്ടോ?

ഇല്ലല്ലോ?

ഇത് മതേതര ജനാധിപത്യ രാഷ്ട്രമാണ്.ഇവിടെ കഴിവിനെയാണ് പരിഗണിക്കേണ്ടത്.സംവരണത്തിന് പോലും കഴിവും യോഗ്യതയും വേണം.കേരളത്തിലെ 15 സർവ്വകലാശാലകളിൽ ഒരു മുസ് ലിം വൈസ് ചാൻസലറില്ലെന്നോർക്കണം.യോഗ്യരില്ലാഞ്ഞിട്ടല്ലല്ലോ.

പാഷ പ്രഗൽഭനായ ഒരു അക്കാഡമിഷനും കഠിനാദ്ധ്വാനിയായ വിദ്യാഭ്യാസ പ്രവർത്തകനുമാണ്. അദ്ദേഹം മതേതര ജനാധിപത്യ പുരോഗമന കാഴ്ചപ്പാടുകൾ വെച്ച് പുലർത്തുന്ന നിരവധി കഴിവുകളുമുള്ള വ്യക്തിയാണ്.

അദ്ദേഹം എതങ്കിലും മത സാമുദായിക സംഘത്തിന്റെ പ്രചാരകനോ ഭാരവാഹിയോ അല്ല താനും. അദ്ദേഹത്തെ വി സി യാക്കാൻ ഒരു മുസ് ലിം സംഘടനയും ആവശ്യപ്പെട്ടിട്ടുമില്ല. ഇത് കഴിവിന്നുള്ള അംഗീകാരവും നിഷ്പക്ഷമായ തീരുമാനവുമാണ്.

സംസ്ഥാനത്തെ ഒരു ഓപ്പൺ സർവ്വകലാശാലയല്ല, ഒരു വലിയ കേന്ദ്ര സർവ്വകലാശാല തന്നെ ഏൽപിച്ച് കൊടുത്താൽ അത് ഭംഗിയായി കൊണ്ട് നടക്കാനും അത് വിജയിപ്പിക്കാനും ഡോ.പാഷക്ക് സാധിക്കുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. 

Tags: