'സയണിസം തുലയട്ടെ'; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഗസയിലെ സ്ഥിതി വളരെ ഗുരുതരമായിരിക്കുന്ന സമയത്ത് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് ഫലസ്തീനുള്ള ഇന്ത്യയുടെ ചരിത്രപരമായ പിന്തുണയോടുള്ള വഞ്ചനയാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സ്'ല്‍ അദ്ദേഹം കുറിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി യുദ്ധകുറ്റവാളിയാണ്. അത്തരമൊരു നേതാവിനെ കാണുന്നത് ഇന്ത്യയുടെ സ്ഥാപിത വിദേശനയത്തിന് വിരുദ്ധമാണ്. നിങ്ങള്‍ 15 മിനിറ്റെങ്കിലും ഗസയില്‍ പോയി അവിടെ നടക്കുന്ന കൂട്ടക്കൊല കാണണമെന്നും മോദിയോട് ഉവൈസി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നും അത് സൈനിക നടപടിയിലേക്ക് നയിച്ചേക്കാമെന്നും ഉവൈസി ആശങ്ക പ്രകടിപ്പിച്ചു. 'സയണിസം തുലയട്ടെ' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.