ആഘോഷ സമയത്ത് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് ബംഗളൂരു മുനിസിപ്പല്‍ കോര്‍പറേഷന്‍; പൊതുസ്ഥലത്തെ ജന്തുബലിക്കും നിരോധനം

Update: 2020-07-28 07:20 GMT

ബംഗളൂരു: ഔദ്യോഗികമായി തുറന്നുകിടക്കുമെങ്കിലും ഇത്തവണത്തെ ഉല്‍സവ സീസണില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്ന നിര്‍ദേശവുമായി ബ്രുഹാത് ബംഗളൂരു മഹാനഗര പാലിക അധികാരികള്‍. കൊവിഡ് വ്യാപനം സംസ്ഥാനത്തും പ്രത്യേകിച്ച് തലസ്ഥാനമായ ബംഗളൂരുവിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്‍(ബിബിഎംപി) മുന്നറിയിപ്പു നല്‍കിയത്. ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നാണ് നിര്‍ദേശം. പൊതുസ്ഥലത്ത് അനധികൃതമായി ജന്തുബലി നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി.

ജൂലൈ 31ലെ വരമഹാലക്ഷ്മി ആഘോഷത്തോടെ ഇത്തവണത്തെ ഉല്‍സവ സീസണ്‍ ആരംഭിക്കുകയാണ്. ബക്രീത്, രക്ഷാബന്ധന്‍, ജന്മാഷ്ടമി, ഗൗരി ഗണേശ, മുഹറം, ഓണം തുടങ്ങി നിരവധി ആഷോഷങ്ങള്‍ വരാനിരിക്കുന്നു. ഈ ഉല്‍സവകാലം ഏറ്റവും അപകടം നിറഞ്ഞ സമയമാണ്. ഈ സമയത്ത് നാം വീടുകളില്‍ സുരക്ഷിതരായി ഇരിക്കണം. ഔദ്യോഗികമായി തുറന്നുകിടക്കുമെങ്കിലും കഴിയുന്നതും അവിടെ സന്ദര്‍ശിക്കാതിരിക്കണം- ബിബിഎംപി ഉത്തരവില്‍ പറയുന്നു.

ബക്രീതുമായി ബന്ധപ്പെട്ട് അനധികൃതമായി മൃഗബലി നടത്തുന്നത് ബിബിഎംപി നിരോധിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ മുറ്റങ്ങള്‍, ആരാധനാലയങ്ങള്‍, നിരത്ത് വക്കുകള്‍, മൈതാനങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജന്തുബലി നടത്തുന്നത് കര്‍ണാടക മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്റ്റ് 1976, അനുസരിച്ച് നിരോധിച്ചു.

നിരോധനം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.

അധികൃതര്‍ അനുവദിച്ച അറവ്ശാലകളില്‍ മാത്രമേ ഇത്തവണ അറവ് അനുവദിക്കൂ എന്നും കോര്‍പറേഷന്‍ ഉത്തരവില്‍ പറയുന്നു.