'വിരട്ടാന്‍ നോക്കണ്ട, അതങ്ങ് കയ്യില്‍വച്ചാല്‍മതി': മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കോട്ടയം: കേരളത്തില്‍ ഒരാള്‍ക്കും എന്തും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തുംപറയാമെന്ന് കരുതരുത്, അങ്ങനെ പറഞ്ഞാല്‍ ഫലമെന്താണെന്ന് കഴിഞ്ഞനാളുകളില്‍ കണ്ടു. ചിലരൊക്കെ വിരട്ടാന്‍ നോക്കിയെന്നും അതങ്ങ് കയ്യില്‍വച്ചാമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ആരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല, വിരട്ടല്‍ വേണ്ട. നുണകളെ തള്ളിക്കളഞ്ഞാണ് ജനം അധികാരത്തിലെത്തിച്ചത്. അത് ഇളക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് തന്റെ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്സിനെയും കടന്നാക്രമിച്ചു. വര്‍ഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും പരസ്പര പൂരകമാണെന്ന നാണയത്തിന്റെ ഇരുവശ സിദ്ധാന്തവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേരും രണ്ട് കമാന്‍ഡോ വാഹനത്തില്‍ പത്തുപേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.
കോട്ടയെത്ത് മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിനെതിരേ കരിങ്കൊടി പ്രതിഷേധം നടന്നു. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
സമ്മേളന വേദിയിലേക്കുള്ള റോഡ് പൂര്‍ണമായും അടച്ചിരുന്നു. മുഖ്യമന്ത്രി എത്തുന്നതിനു ഒരുമണിക്കൂര്‍ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു മണിക്കൂര്‍ മുമ്പ് ഹാളില്‍ കയറണമെന്നായിരുന്നു നിര്‍ദേശം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിര്‍ദേശിച്ചു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൂടി കൈയില്‍ കരുതണമായിരുന്നു.

