ജോജു വിഷയം സഭയില്‍: എങ്ങനെ സമരം ചെയ്യണമെന്ന് പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍

ഇടതുപക്ഷം നടത്തുന്ന സമരത്തിലേക്ക് ഇങ്ങനെ ഒരാള്‍ കടന്നുവന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു.

Update: 2021-11-02 06:39 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിപക്ഷത്തെ എങ്ങനെ സമരം ചെയ്യണമെന്ന് പഠിപ്പിക്കേണ്ടന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ധനവില വര്‍ധനവ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സഭ വിട്ട ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം നടത്തുന്ന സമരത്തിലേക്ക് ഇങ്ങനെ ഒരാള്‍ കടന്നുവന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു.

ഇന്ധനവില വര്‍ധന ചര്‍ച്ചയായപ്പോള്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് പ്രതിപക്ഷത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജിന്റെ വിഷയം ഉന്നയിച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ വാക് പോരിനും വിഷയം കാരണമായി. സംസ്ഥാനത്ത് ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണെന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശം.

ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് ജോജു ജോര്‍ജിനെതിരെ നടത്തിയ പരാമര്‍ശത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷയം പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തില്‍ അക്രമ പരമ്പര നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ വിമര്‍ശിക്കുന്നതെന്നും സമരം ചെയ്യാന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ സഭയിലെ മറുപടി.

പെട്രോള്‍ വില 50രൂപയായിരുന്ന കാലത്ത് അഞ്ച് ഹര്‍ത്താലായിരുന്നു ഇടതുപക്ഷം നടത്തിയത്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി, ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോള്‍ നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. 2014ല്‍ പെട്രോളില്‍ നിന്ന് 9രൂപയാണ് നികുതി ഈടാക്കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ 33 രൂപയാണെന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

അടിയന്തര പ്രമേയത്തിലൂടെ ആയിരുന്നു ഇന്ധന വില വര്‍ധന പ്രതിപക്ഷം നിയമ സഭയില്‍ അവതരിപ്പിച്ചത്. ഷാഫി പറമ്പില്‍ എംഎല്‍എ ആയിരുന്നു വിഷയം അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നു എന്നായിരുന്നു പ്രമേയം അവതിരിപ്പിച്ച് ഷാഫി പറമ്പിലിന്റെ കുറ്റപ്പെടുത്തല്‍. ജനരോഷത്തില്‍ നിന്ന് സംഘപരിവാരിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. അടിസ്ഥാന വില 36 ശതമാനവും നികുതി 60 ശതമാനവും അടക്കേണ്ടി വരുന്ന ഗതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയവകാശം നല്‍കിയതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറയാതിരിക്കാനാവില്ലെന്ന് ധനമന്ത്രി മറുപടി പറഞ്ഞു.

Tags: