പെരിന്തൽമണ്ണ: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് കാവൽനായ്ക്കൾ ചത്തനിലയിൽ. മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ പ്രദേശത്തെ വനം വകുപ്പ് ഓഫിസിനടുത്തുള്ള മലയിലാണ് നായയെ കണ്ടെത്തിയത്.
നായ്ക്കളെ ആക്രമിച്ചത് പുലിയാകാമെന്ന സംശയത്തിൽ പ്രദേശത്ത് കെണി സ്ഥാപിച്ചു. ജനവാസകേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരമുള്ള പ്രദേശത്ത് കെണി സ്ഥാപിച്ചത്.
സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ മേയാൻ വിടുന്ന പോത്തുകൾക്ക് കാവൽ നിൽക്കുന്ന നായ്ക്കളാണ് ചത്തത്. പാതി ഭക്ഷിച്ച നായുടെ ബാക്കി ഭാഗം രാത്രിയോടെ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വലിച്ചു കൊണ്ടു പോയതിൻറെ അടയാളം കാണുന്നുണ്ട്.
കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്ന് കൊണ്ടുവന്ന കെണിയാണ് വനം വകുപ്പ് അധികൃതർ, ആർആർടി വോളൻറിയർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. അതേസമയം, പുലിയാണെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.