തിരുവനന്തപുരം: പേവിഷവാക്സിൻ എടുത്തിട്ടും സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മരിച്ചത് മൂന്നു കുട്ടികൾ. വാക്സിൻ നൽകിയിട്ടും കുഞ്ഞുങ്ങൾ മരിച്ചതിൽ ബന്ധുക്കൾ രോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിലായി മൂന്നുകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ വാക്സിൻ ആയിരുന്നില്ല പ്രശ്നമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
കുട്ടികളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിൽ വാക്സിനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ ലഭ്യമായിരുന്നില്ല. കടിയേറ്റയുടൻ അരമണിക്കൂർസമയം തുടർച്ചയായി മുറിവ് സോപ്പുപയോഗിച്ച് ശുദ്ധജലത്തിൽ കഴുകുന്നതടക്കമുള്ള കാര്യങ്ങളും നടന്നിട്ടില്ല എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പത്തനാപുരം വിളക്കുടിയിൽ മേയിൽ മരിച്ച കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു. പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇമ്യൂണോഗ്ലോബുലിൻ നൽകിയത്. മലപ്പുറത്ത് മരിച്ച കുട്ടിക്കും ഇമ്യൂണോഗ്ലോബുലിൻ നൽകിയത് വൈകിയാണ്. പത്തനംതിട്ടയിൽ മരിച്ച കുട്ടിക്കും യഥാസമയം വാക്സിൻ കൊടുത്തിരുന്നു.