ഡയാലിസിസ് യൂനിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല; വിതുര താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി

സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സേവനങ്ങള്‍ ലഭ്യമാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് പരിശോധിക്കും

Update: 2022-08-27 09:17 GMT

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മന്ത്രി കണ്ടെത്തി. ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്.

ഡയാലിസിസ് യൂണിറ്റ് ഒരു വര്‍ഷമായി പ്രവര്‍ത്തന രഹിതമാണെന്ന കാര്യം അംഗീകരിക്കാന്‍ പറ്റില്ല. ആശുപത്രിയിലെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

മലയോര മേഖലയിലുള്ള ആദിവാസികളാണ് പ്രധാനമായും വിതുര താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ വരുന്ന രോഗികളെ കിടത്തി ചികിത്സിക്കാതെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളജുകളിലേക്കും റഫര്‍ ചെയ്യുകയാണ് പതിവ്. ഇതിനെതിരെ നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്.

ആരോഗ്യവകുപ്പിന് നേരിട്ട് പരാതി എത്തിയ സാഹചര്യത്തിലാണ് മന്ത്രി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്. സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സേവനങ്ങള്‍ ലഭ്യമാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നുള്ളത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആശുപത്രിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. എന്നാല്‍, വിശദമായ പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News