മുംബൈ: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് പുതുജീവന്‍. മഹാരാഷ്ട്രയിലെ ബീഡിലെ അംബാജോഗൈയിലെ സ്വാമി രാമാനന്ദ തീര്‍ത്ഥ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ നടത്താനിരിക്കെ, കുഞ്ഞിന്റെ മുത്തശ്ശി അവസാനമായി ഒരു തവണ കൂടി കുട്ടിയുടെ മുഖം കാണണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് മുഖത്തെ തുണി നീക്കിയപ്പോള്‍ കുഞ്ഞ് കരയുകയുമായിരുന്നു.
ഇതോടെ ആശുപത്രിക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. 'ഇത് ആശുപത്രിയുടെ അശ്രദ്ധയാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇങ്ങനെ സംഭവിച്ചാല്‍, ജീവിച്ചിരിക്കുന്ന എത്ര പേരെ മരിച്ചതായി പ്രഖ്യാപിക്കുമെന്ന് ആര്‍ക്കറിയാം,' കുട്ടിയുടെ മുത്തച്ഛന്‍ സഖാറാം ഘുഗെ പറഞ്ഞു.'കുഞ്ഞ് മരിച്ചുവെന്ന് നഴ്‌സ് പറഞ്ഞു. പക്ഷേ ഞങ്ങള്‍ അവനെ സംസ്‌കരിക്കാന്‍ പോകുമ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി,' എന്ന് അമ്മ ബാലിക ഘുഗെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരോപണം നിഷേധിച്ച ആശിപത്രി അധികൃതര്‍, കുഞ്ഞ് ചികില്‍സയോട് പ്രതികരിച്ചിരുന്നില്ലെന്നും വൈദ്യശാസ്ത്രം സാധാരണയായി പരിഗണിക്കുന്ന ജീവന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.