ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ ഇ സഞ്ജീവനി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. ഇന്ന് മുതല്‍ ഇ-സഞ്ജീവനി ഫോണ്‍ ചികില്‍സാ സംവിധാനം ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. അതിനു പുറമെ എല്ലാ ഓണ്‍ലൈന്‍ യോഗങ്ങളും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കും. കെജിഎംഓയുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ നടക്കുന്നത്.
ഈ മാസം 15മുതല്‍ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആലോചനയുണ്ട്. അതിനു തൊട്ടടുത്ത ദിവസം നവംബര്‍ 16ന് കൂട്ട അവധിയെടുക്കും.
എന്നിട്ടും സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നില്‍പ്പ് സമരം ആരംഭിക്കും.
എന്‍ട്രികേഡര്‍ ശമ്പളം വെട്ടിക്കുറച്ചതും റേഷ്യോ പ്രമോഷന്‍, പേഴ്‌സനല്‍ പേ, റിസ്‌ക് അലവന്‍സ് എന്നിവ നിര്‍ത്തലാക്കിയതിലുമാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. എന്‍ട്രികാഡറില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം 9000 രൂപയാണ് വെട്ടിക്കുറച്ചത്.
കൊവിഡ് കാലത്ത് മുന്നണി പോരാളികളായിരുന്ന ഡോക്ടര്‍മാരെ അവഗണിക്കുകയാണ് സര്‍ക്കാരെന്ന വികാരം ശക്തമായിരിക്കുകയാണ്.