മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല

ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്നും, അക്ഷര വ്യാകരണ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

Update: 2020-11-25 08:57 GMT

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മറുപടി നല്‍കി. ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്നും, അക്ഷര വ്യാകരണ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

ഈ പരാതിയില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറുകയായിരുന്നു. ഈ പരാതിയില്‍ വിശദമായ വിലയിരുത്തലിന് ശേഷമാണ് സര്‍വകലാശാല വിസി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.

ജലീലിന് ചരിത്രത്തില്‍ പിഎച്ച്ഡി നല്‍കിയത് യൂനിവേഴ്‌സിറ്റി അനുശാസിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ്. ഗവേഷണം യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് പൂര്‍ത്തിയാക്കി. അതിനു ശേഷം മൂന്ന് വാല്യുവേഷനും നല്‍കി. സര്‍വകലാശാല നിബന്ധനകല്‍ക്ക് വിധേയമായാണ് ബിരുദം സമ്മാനിച്ചതെന്നും വൈസ് ചാന്‍സലര്‍ മറുപടിയില്‍ വ്യക്തമാക്കി.

മലബാര്‍ ലഹളയെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് ജലീലിന് ഡോക്ടറേറ്റ് ലഭിച്ചത്. പ്രബന്ധം മൗലികമല്ലെന്നും, പലയിടത്തുനിന്നുമുള്ള ഉദ്ധരണികള്‍ കൂട്ടിചേര്‍ത്തതാണെന്നുമാണ് പരാതിക്കാര്‍ ഉന്നയിച്ചിരുന്നത്. മാത്രമല്ല അച്ചടി പിശകുകളും വ്യാകരണ പിശകുകളും പ്രബന്ധത്തില്‍ ധാരാളമുണ്ട്. വേണ്ടത്ര പരിശോധന നടത്താതെ വാല്യുവേഷന്‍ നടത്തി ബിരുദം സമ്മാനിക്കുകയായിരുന്നു എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: