ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; താമരശ്ശേരി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

Update: 2025-10-08 09:40 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ ഡോക്ടറെ അമീബിക്മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ആക്രമിച്ച സംഭവത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി കോഴിക്കോട് താമരശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് ഡോക്ടരെ ഇയാള്‍ വെട്ടിയതെന്നും തങ്ങളുടെ സുരക്ഷക്കൊരു പ്രധാന്യവുമില്ലേ എന്നും മറ്റു ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ന് വിപിന്‍ നാളെ മറ്റുള്ളവര്‍ എന്ന അവസ്ഥയിലേക്കാണോ കാര്യങ്ങള്‍ പോകുന്നത് എന്നും അവര്‍ ചോദിച്ചു. ഇത്തരം അപകടങ്ങള്‍ തുടര്‍കഥയാവുകയാണെന്നും ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. നിലവില്‍ ആശുപത്രിജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്.

ഒമ്പതു വയസ്സുകാരിയായ തന്റെ മകള്‍ മതിയായ ചികില്‍സ ലഭിക്കാത്തതുകൊണ്ടാണ് മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ സനൂപ് വെട്ടിയത്. 'എന്റെ മകളെ കൊന്നവന്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തിയത്.

കഴിഞ്ഞ മാസമാണ് അമീബിക്മസ്തിഷ്‌കജ്വരം ബാധിച്ച് നാലാംക്ലാസില്‍ പഠിക്കുന്ന സനൂപിന്റെ മകള്‍ മരണപ്പെടുന്നത്.മക്കള്‍ക്കൊപ്പമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.മകള്‍ മരിച്ചതിന്റെ മാനസികാഘാതത്തിലായിരുന്നു ഇയാളെന്നാണ് നിഗമനം.

Tags: