കൊവിഡ് 19: മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍

Update: 2020-05-12 15:07 GMT

തിരുവനന്തപുരം: കൊവിഡ് 19 വ്യാപന സാധ്യത സജീവമായി നില്‍ക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരണമെന്ന് വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചു. അതീവ ശ്രദ്ധ ആവശ്യമായ ഘട്ടമാണിത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ വിവിധ ജില്ലയിലേയ്ക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെല്ലാം പ്രത്യേക നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും. ഇത് എല്ലാവരും തിരിച്ചറിഞ്ഞ് സ്വയം സുരക്ഷയും നാടിന്റെ സുരക്ഷയും ഉറപ്പാക്കണം.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗിക യാത്രാനുമതി ഇല്ലാതെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും തിരിച്ചെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിലവിലുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഇത്തരത്തില്‍ എത്തിയവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ മറ്റുള്ളവര്‍ ജാഗ്രത കാണിക്കണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ച പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമായിരിക്കണം വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുകയും വേണം. സാനിറ്റൈസറിന്റെ ഉപയോഗവും ശീലമാക്കണം. ഇക്കാര്യങ്ങളിലുള്ള അലംഭാവം വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍, കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പ്രത്യേക നിരീക്ഷണത്തില്‍ ജാഗ്രതയോടെ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും പറഞ്ഞു. രോഗവ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ശുചിമുറി സൗകര്യത്തോടെയുള്ള മുറികളില്‍ മാത്രമേ ഇങ്ങനെ എത്തുന്നവര്‍ കഴിയാവൂ. ഇതിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. വീട്ടിലുള്ളവരുമായി പോലും സമ്പര്‍ക്കം പുലര്‍ത്താനും പാടില്ല.

കൊവിഡ് കെയര്‍ സെന്ററുകള്‍/ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കൊവിഡ് സെന്ററുകളിലെ മുറികളില്‍ കഴിയുന്നവര്‍ മുറികള്‍ക്ക് പുറത്ത് ഒരു കാരണവശാലും ഇറങ്ങരുത്.

മറ്റ് മുറികളില്‍ കഴിയുന്നവരുമായി സമ്പര്‍ക്കം ഒഴിവാക്കണം

കൊവിഡ് സെന്ററുകളില്‍ കഴിയുന്ന വ്യക്തികള്‍ ഉപയോഗിക്കുന്ന ടിഷ്യൂകള്‍/ ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ പുറത്തേക്ക് വലിച്ചെറിയെരുത്.

വായു കടക്കാത്ത അടച്ച പാത്രത്തിലേക്ക് തുപ്പുക. പിന്നീട് ഒരു ശതമാനം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം ടോയ്‌ലറ്റില്‍ നിക്ഷേപിക്കുക.

ഇടക്കിടക്ക് കൈകള്‍ സോപ്പിട്ട് കഴുകുക.

സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ കയ്യുറകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

കയ്യുറകളും മാസ്‌കും ധരിക്കും മുന്‍പും അഴിച്ച ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം. ഉപയോഗിച്ച കയ്യുറകളും മാസ്‌കും വീണ്ടും ഉപയോഗിക്കരുത്.

ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റ് തുണികളും സോപ്പ് / ഡിറ്റര്‍ജന്റ് എന്നിവ കൊണ്ട് കഴുകി സൂര്യപ്രകാശത്തില്‍ ഉണക്കി മാത്രം ഉപയോഗിക്കണം.

നിരീക്ഷണത്തിലുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷണം മുറിയുടെ വാതിലിന് പുറത്ത് വയ്ക്കണം. മറ്റ് മുറികളിലുള്ളവരുമായി ഫോണ്‍, ടവല്‍, പത്രമാസികള്‍, പാത്രങ്ങള്‍, ലഘുഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ പങ്കുവയ്ക്കരുത്.

ഏതെങ്കിലും തരത്തില്‍ അസ്വസ്ഥത തോന്നിയാല്‍ കൊവിഡ് കെയര്‍ സെന്ററുകളിലെ ജീവനക്കാരെ അറിയിക്കുക.

Tags: